പാര്‍ട്ടി കേന്ദ്ര നേതൃത്വം ഫണ്ട് നല്‍കുന്നില്ല; നാഗാലാന്റില്‍ സ്ഥാനാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞത് സാമ്പത്തിക പ്രതിസന്ധി മൂലമെന്ന്‌ കോണ്‍ഗ്രസ്
Nagaland Election
പാര്‍ട്ടി കേന്ദ്ര നേതൃത്വം ഫണ്ട് നല്‍കുന്നില്ല; നാഗാലാന്റില്‍ സ്ഥാനാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞത് സാമ്പത്തിക പ്രതിസന്ധി മൂലമെന്ന്‌ കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th February 2018, 2:54 pm

ദിമാപൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന നാഗാലാന്റില്‍ 18 സ്ഥാനാര്‍ത്ഥികളെ മാത്രം മത്സരത്തിനിറക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലമെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ്.

60 സീറ്റുകളുള്ള അസംബ്ലിയില്‍ 23 സ്ഥാനാര്‍ത്ഥികളെ തങ്ങള്‍ മത്സരിപ്പിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നത് അവസാനിച്ചപ്പോഴേക്കും ഇത് 18 ആയി ചുരുങ്ങുകയാണുണ്ടായത്. ഫെബ്രുവരി 6 ന് പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളില്‍ അഞ്ച് പേര്‍ തങ്ങളുടെ നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കുകയായിരുന്നു.

കോണ്‍ഗ്രസിന്റെ നേതൃത്വം തങ്ങള്‍ക്ക് വേണ്ടത്ര ഫണ്ട് അനുവദിച്ചില്ലെന്ന് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് കെവെ ഖാപെ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. “അഴിമതിയില്‍ മുങ്ങിക്കുളിച്ച ഒരു ഗവണ്‍മെന്റിനെതിരെ 15 വര്‍ഷമായി പ്രതിപക്ഷത്തിലിരിക്കുന്ന ഒരു പാര്‍ട്ടിക്ക് മതിയായ ഫണ്ടില്ലാതെ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും” അദ്ദേഹം പറഞ്ഞു.

ഫണ്ടില്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസിന് മനസ്സിലായിട്ടുണ്ട്. നോര്‍ത്ത് -ഈസ്റ്റിന്റെ ചുമതലയിലുള്ള ജനറല്‍ സെക്രട്ടറിയായ സി.പി ജോഷി സംസ്ഥാനത്തിന്റെ കാര്യത്തില്‍ വേണ്ടത്ര താല്‍പര്യം പ്രകടിപ്പിക്കുന്നില്ലെന്നും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പ് നീട്ടിവെക്കാത്തതില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ട് പല സ്ഥാനാര്‍ത്ഥികളും അവസാന നിമിഷംവരെ പത്രിക സമര്‍പ്പിച്ചിരുന്നില്ല.

കോണ്‍ഗ്രസിനെ കൂടാതെ ഇപ്പോള്‍ ഭരണത്തിലുള്ള നാഗ പീപ്പിള്‍ ഫ്രണ്ടിന്റെ 57 സ്ഥാനാര്‍ത്ഥികളും ബി.ജെ.പിയുടെ 20 സ്ഥാനാര്‍ത്ഥികളുമാണ് ഇത്തവണത്തെ മത്സരത്തിനുള്ളത്. ഫെബ്രുവരി 27 നാണ് നാഗാലാന്റില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് മൂന്നിനാണ് വോട്ടെണ്ണല്‍.