| Friday, 20th December 2024, 9:28 am

അംബേദ്ക്കറിനെതിരായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച രാഹുലിനെതിരെ എടുത്ത കേസ് ഒരു ബഹുമതിയായി കാണുന്നു: കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭരണഘടനാ ശില്‍പി ബി.ആര്‍ അംബേദ്ക്കറിനെതിരായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത സംഭവത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എം.പിയുമായ കെ.സി. വേണുഗോപാല്‍.

നിലവില്‍ അമിത് ഷായ്‌ക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ വഴിതിരിച്ച് വിടാനുള്ള ഭരണപക്ഷത്തിന്റെ ഒരു തന്ത്രമാണിതെന്ന് കെ.സി. വേണുഗോപാല്‍ ആരോപിച്ചു.

ബാബാസാഹെബിന്റെ പാരമ്പര്യത്തെ സംരക്ഷിച്ചതിന് രാഹുല്‍ ഗാന്ധിക്കെതിരായി ഫയല്‍ ചെയ്ത കേസ് ഒരു ബഹുമതിയായി കോണ്‍ഗ്രസ് കണക്കാക്കുന്നതായി കെ.സി വേണുഗോപാല്‍ പങ്കുവെച്ച എക്സ് പോസ്റ്റില്‍ പറയുന്നു.

‘രാഹുല്‍ ഗാന്ധിക്കെതിരായ എഫ്.ഐ.ആര്‍ ആഭ്യന്തരമന്ത്രിക്കെതിരായ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധങ്ങള്‍ വഴിതിരിച്ചുവിടാനുള്ള തന്ത്രമല്ലാതെ മറ്റൊന്നുമല്ല.

ബാബാസാഹെബിന്റെ പൈതൃകത്തെ സംരക്ഷിച്ചതിനുള്ള ഈ കേസ് ബഹുമതിക്കുള്ള ബാഡ്ജാണ്. എന്തുതന്നെയായാലും, ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കല്‍ കാരണം രാഹുല്‍ ഗാന്ധിക്കെതിരെ ഇതിനകം 26 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

ഈ പുതിയ എഫ്.ഐ.ആറും അദ്ദേഹത്തെയോ കോണ്‍ഗ്രസിനെയോ ആര്‍.എസ്.എസ്-ബി.ജെ.പി ഭരണത്തിനെതിരെ നിലകൊള്ളുന്നതില്‍ നിന്ന് തടയില്ല. അതേസമയം, തങ്ങളെ ശാരീരികമായി ആക്രമിച്ച ബി.ജെ.പി നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസിന്റെ വനിതാ എം.പിമാര്‍ നല്‍കിയ എഫ്.ഐ.ആറുകളില്‍ ദല്‍ഹി പൊലീസ് നടപടിയെടുക്കാത്തത് എന്തുകൊണ്ടാണ്?,’ കെ.സി വേണുഗോപാല്‍ ചോദിച്ചു.

കഴിഞ്ഞ ദിവസം പാര്‍ലമെന്റിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് ബി.ജെ.പി എംപിമാര്‍ക്ക് പരിക്കേറ്റതായി ചൂണ്ടിക്കാണിച്ചാണ് രാഹുല്‍ ഗാന്ധിക്കെതിരെ ദല്‍ഹി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

പാര്‍ലമെന്റ് വളപ്പിലെ സംഘര്‍ഷത്തിനിടെ രാഹുല്‍ ശാരീരികമായി ആക്രമിച്ചെന്നും അക്രമിക്കാന്‍ പ്രേരിപ്പിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്.

ബി.എന്‍.എസിലെ സെക്ഷന്‍ 117, 125 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്ന പ്രവൃത്തി), 131 (ക്രിമിനല്‍ ബലപ്രയോഗം), 351 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 3(5) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഗാന്ധിക്കെതിരെ കേസെടുത്തിരിക്കുന്നത്. ബി.ജെ.പി എം.പി ഹേമാംഗ് ജോഷിയാണ് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

അതേസമയം ലോക്സഭയില്‍വെച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഭീഷണിപ്പെടുത്തിയതായി ഒരു വനിതാ എം.പിയും ആരോപിച്ചിട്ടുണ്ട്.

ബി.ജെ.പി നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസും ഇതേ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

Content Highlight: Congress says F.I.R filed against Rahul Gandhi for defending Ambedkar considered as Badge of honour

Latest Stories

We use cookies to give you the best possible experience. Learn more