വടകര: ആര്‍.എം.പി നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ സി.പി.ഐ.എമ്മാണെന്ന് കോണ്‍ഗ്രസ്. പാനൂരില്‍ സി.പി.ഐ.എം നിര്‍മിച്ച ബോംബാണ് ഹരിഹരന്റെ വീടിന് നേരെ ആക്രമികള്‍ എറിഞ്ഞതെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ പറഞ്ഞു.
സി.പി.ഐ.എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഈ ആക്രമണം നടന്നതെന്നും പ്രവീണ്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വടകരയിലെ സ്ത്രീ വിരുദ്ധ പ്രസ്താവനയില്‍ കെ.എസ്. ഹരിഹരന്‍ നേരത്തെ മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം വിഷയം പരിഹരിക്കപ്പെടില്ലെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പി. മോഹനന്റെ പ്രസ്താവനയും തുടര്‍ന്നുണ്ടായ ബോംബേറും ഒത്തുനോക്കുമ്പോള്‍ ആര്‍.എം.പി നേതാവിന്റെ വീടിന് നേരെയുണ്ടയ ആക്രമണത്തിന് പിന്നില്‍ സി.പി.ഐ.എമ്മിന്റെ ആഹ്വാനമാണെന്ന് പ്രവീണ്‍ കുമാര്‍ പറഞ്ഞു. ഇത് പരോക്ഷമായി നടത്തിയ കലാപത്തിനുള്ള ആഹ്വാനമാണെന്നും ഡി.സി.സി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
കൂടാതെ വടകരയില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വര്‍ഗീയ പ്രചരണം നടത്തിയതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. മൂന്ന് ദിവസത്തിനകം യഥാര്‍ത്ഥ പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ യു.ഡി.എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ എസ്.പി ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്നും പ്രവീണ്‍ കുമാര്‍ അറിയിച്ചു.
വടകരയിലെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കണ്ടാലറിയുന്ന മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഹരിഹരന്റെ പരാതിയില്‍ തേഞ്ഞിപ്പാലം പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. വീടിന് നേരെയുണ്ടായ ആക്രമണത്തെ നിയമപരമായി നേരിടുമെന്ന് കെ.എസ്. ഹരിഹരന്‍ പ്രതികരിക്കുകയുണ്ടായി.
Content Highlight: Congress says CPIM is behind the attack on Hariharan’s house