ബി.ജെ.പിക്ക് തോല്‍ക്കുമെന്ന ഭയം; പരിഭ്രാന്തരായ അവര്‍ എന്തും ചെയ്യും: ജയറാം രമേശ്
national news
ബി.ജെ.പിക്ക് തോല്‍ക്കുമെന്ന ഭയം; പരിഭ്രാന്തരായ അവര്‍ എന്തും ചെയ്യും: ജയറാം രമേശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th May 2024, 11:34 am

ന്യൂദല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യകുമാറിനെ ആക്രമിച്ചതിന് പിന്നില്‍ ബി.ജെ.പിയുടെ ഭയമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലാണ് ജയറാം രമേശ് ബി.ജെ.പിയെ വിമര്‍ശിച്ച് കൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചത്.

‘നമ്മുടെ നോര്‍ത്ത് ഈസ്റ്റ് ദല്‍ഹിയിലെ സ്ഥാനാര്‍ത്ഥി കനയ്യകുമാറിന് നേരെ ബി.ജെ.പി ഗുണ്ടകള്‍ നടത്തിയ ആക്രമണം ഭീരുത്വം നിറഞ്ഞതും അങ്ങേയറ്റം അപലപനീയവുമാണ്, അത് അവരുടെ നിരാശയാണ് കാണിക്കുന്നത്,’ ജയറാം രമേശ് കുറിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കനയ്യ കുമാറിന്റെ ശരീരത്തിലേക്ക് ചിലര്‍ കറുത്ത മഷി ഒഴിച്ച് കൊണ്ട് ആക്രമിച്ചത്. പാര്‍ട്ടി യോഗത്തിന് ശേഷം പുറത്തേക്ക് വരുന്നതിനിടെ ന്യൂ ഉസ്മാന്‍പൂര്‍ ഏരിയയിലെ എ.എ.പി ഓഫീസിന് പുറത്ത് വെച്ചായിരുന്നു സംഭവം.

തെരഞ്ഞെടുപ്പിലെ തോല്‍വി ഭയന്നാണ് ബി.ജെ.പി ഇത്തരത്തിലുള്ള അക്രമണങ്ങള്‍ക്ക് മുതിരുന്നതെന്ന് ജയറാം രമേശ് പറഞ്ഞു. പരിഭ്രാന്തി കാരണം അവര്‍ക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘തോല്‍വി ഭയന്ന് വടക്ക് കിഴക്കന്‍ ദല്‍ഹിയില്‍ നിന്നുള്ള ബി.ജെ.പി എം.പി ഇപ്പോള്‍ ഗുണ്ടായിസത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഓര്‍ക്കുക, കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കുന്നത് ഗാന്ധിയുടെ ആശയങ്ങളാണ്. ഗോഡ്സെയുടേതല്ല. ഞങ്ങളുടെ ഐഡന്റിറ്റി ഭയക്കുന്നവരുടേതല്ല, നീതിക്ക് വേണ്ടി പോരാടുന്നവരുടേതാണ്,’ ജയറാം രമേഷ് പറഞ്ഞു. ജൂണ്‍ നാലിന് ശേഷം അവര്‍ ചിത്രത്തിലുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫാസിസ്റ്റ്, ക്രിമിനല്‍ ഭരണകൂടത്തിന്റെ എല്ലാ ആക്രമണ പദ്ധതികളെയും തടയാന്‍ ഇന്ത്യാ സഖ്യം ഒരുക്കമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ബി.ജെ.പി യുടെ വൃത്തികെട്ട തന്ത്രങ്ങള്‍ക്കെതിരെ ഇന്ത്യാ സഖ്യത്തിലെ എല്ലാവരും കനയ്യക്കൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോര്‍ത്തത് ഈസ്റ്റ് ദല്‍ഹിയില്‍ കനയ്യക്കെതിരെ മത്സരിക്കുന്നത് ബി.ജെ.പി എം.പി മനോജ് തിവാരിയാണ്. രണ്ട് തവണ എം.പിയും ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ അധ്യക്ഷനുമായിട്ടുള്ള ഒരാള്‍ തെരഞ്ഞെടുപ്പില്‍ ജയവും തോല്‍വിയും ഉണ്ടെന്ന് മനസ്സിലാക്കണമെന്ന് കോണ്‍ഗ്രസ് വക്താവും മാധ്യമ പബ്ലിസിറ്റി വിഭാഗം മേധാവിയുമായ പവന്‍ ഖേര പറഞ്ഞു.

അതേസമയം, സിറ്റിങ് എം.പിയായ തിവാരി തന്റെ വര്‍ധിച്ചു വരുന്ന ജനപ്രീതിയില്‍ നിരാശനാണെന്നും അതിനാലാണ് തന്നെ ആക്രമിക്കാന്‍ ഗുണ്ടകളെ അയച്ചതെന്നും കനയ്യകുമാര്‍ പറഞ്ഞു.

Content Highlight: Congress says BJP resorting to violence in face of defeat after ‘attack’ on Kanhaiya