ന്യൂദല്‍ഹി: വിലക്കറ്റത്തിനെതിരെ കറുത്ത വസ്ത്രം ധരിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തി രാമഭക്തരെ അവഹേളിച്ചുവെന്ന ബി.ജെ.പിയുടെ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ്. ബി.ജെ.പിയുടെ പരാമര്‍ശം ധ്രുവീകരണ ശ്രമമാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. അമിത് ഷായുടെ പ്രസ്താവനയ്ക്കായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി.
വിലക്കയറ്റത്തിനെതിരായി നടക്കുന്ന ജനാധിപത്യ പ്രതിഷേധങ്ങളെ വഴിതിരിച്ചുവിടാനും വ്യതിചലിപ്പിക്കാനും ധ്രുവീകരിക്കാനുമുള്ള ശ്രമമാണ് ഇത്തരം പ്രസ്താവനകളിലൂടെ ബി.ജെ.പി ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. രോഗമുള്ള മനസ്സിന് മാത്രമേ ഇത്തരം കാര്യങ്ങള്‍ ചിന്തിക്കാന്‍ കഴിയൂവെന്നും കോണ്‍ഗ്രസ് പറഞ്ഞു.
‘ എന്തെങ്കിലും രോഗമുള്ള മനസ്സിനേ ഇത്തരത്തില്‍ ചിന്തിക്കാന്‍ സാധിക്കൂ. ഏതായാലും പ്രതിഷേധം കൊള്ളേണ്ടിടത്ത് കൊണ്ടു എന്ന് മനസിലായി,’ കോണ്‍ഗ്രസ് സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
അതേസമയം കോണ്‍ഗ്രസിന്റെ കറുപ്പ് വസ്ത്രം ധരിച്ച പ്രതിഷേധത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിമര്‍ശിച്ചിരുന്നു.
കോണ്‍ഗ്രസ് കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിക്കുന്നത് രാമഭക്തരോടുള്ള അപമാനമാണെന്നാണ് യോഗിയുടെ പരാമര്‍ശം. ഇതുതന്നെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ആരോപിച്ചത്.
‘ഇതുവരെ, കോണ്‍ഗ്രസ് സാധാരണ വേഷത്തിലാണ് പ്രതിഷേധിച്ചിരുന്നത്, എന്നാല്‍ ഇന്ന് അവര്‍ കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിഷേധിച്ചത്. ഇത് രാമഭക്തര്‍ക്ക് അപമാനമാണ്. രാമജന്മഭൂമിയുടെ നിര്‍മാണത്തിന് തുടക്കം കുറിക്കുന്ന ഇന്നത്തെ ദിവസം തന്നെ അവര്‍ കറുത്ത വസ്ത്രം ധരിക്കാന്‍ തെരഞ്ഞെടുത്തത് മറ്റ് ഉദ്ദേശങ്ങളോടു കൂടിയാണ്,’ എന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്.
അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെയായിരുന്നു കോണ്‍ഗ്രസ് രാജ്യവ്യാപക സമരം നടത്തിയത്. ഇതിനിടെ രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള എം.പിമാരെ ദല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശശി തരൂര്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജെബി മേത്തര്‍, രമ്യ ഹരിദാസ്, ജയ്റാം രമേശ്, ഉള്‍പ്പെടെയുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധ പ്രവര്‍ത്തകരുടെ വസ്ത്രങ്ങള്‍ പൊലീസ് വലിച്ചുകീറിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
വെള്ളിയാഴ്ച നടന്ന രാജ്യവ്യാപക പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, എം.പി മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ നേതാക്കളെല്ലാം കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് എത്തിയത്.