ന്യൂദല്‍ഹി: ബി.ജെ.പിയും ഭീകരരും തമ്മിലുള്ള ബന്ധം ആരോപിച്ച് കോണ്‍ഗ്രസ്. തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ 22 കേന്ദ്രങ്ങളില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചത്. ബി.ജെ.പിയുടേത് കപട ദേശീയതയാണെന്നും, കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് ഭീകരസംഘടനകളുമയി ബന്ധമുണ്ടെന്നും കോണ്‍ഗ്രസ് പറഞ്ഞു. ഇക്കാര്യങ്ങള്‍ താഴെത്തട്ടിലുള്ള ജനങ്ങളിലേക്ക് വരെ എത്തിക്കാനാണ് പത്രസമ്മേളനമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.
കോണ്‍ഗ്രസിന് ഭീകരരുമായി ബന്ധം സ്ഥാപിക്കാനോ ഈ വിഷയങ്ങളില്‍ രാഷ്ട്രീയം കളിക്കാനോ താത്പര്യമില്ലെന്ന് കെ.പി.സി.സി ആസ്ഥാനത്ത് നടന്ന പത്ര സമ്മേളനത്തില്‍ എ.ഐ.സി.സി വക്താവ് ശ്രാവണ്‍ ദസോജു പറഞ്ഞു.
രാജസ്ഥാനിലെ ഉദയ്പൂരില്‍ തയ്യല്‍ക്കാരനായ കനയ്യലാല്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളായ റിയാസ് കട്ടാരിയ്ക്ക് ബി.ജെ.പിയുമായി അടുത്ത ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് റിയാസും ബി.ജെ.പി നേതാക്കളും ചേര്‍ന്നുള്ള ചിത്രങ്ങള്‍ വാര്‍ത്താ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.
ശ്രീനഗറിലെ റിയാസി നഗരത്തില്‍ നിന്ന് പിടികൂടിയ ലഷ്‌കര്‍ ഇ ത്വയിബ ഭീകരന് അമിത് ഷാ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കളുമായി ബന്ധമുണ്ടെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.
ബി.ജെ.പി ഭാരവാഹിയായ ധ്രുവ് സക്‌സേനയ്ക്ക് ഐ.എസ്.ഐ.ഐയുമായുള്ള ബന്ധത്തെക്കുറിച്ചും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 2017ല്‍ സത്‌ന ഭീകരവാദ കേസില്‍ ബി.ജെ.പിക്കാരനായ ബല്‍റാം സിങ് അറസ്റ്റിലായിരുന്നു. ഇത്തരത്തില്‍ വിവിധ കേസുകളെ ആസ്പദമാക്കിയായിരുന്നു കോണ്‍ഗ്രസ് രംഗത്തെത്തിയത്.
അതേസമയം കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ബി.ജെ.പിയും രംഗത്തെത്തിയിരുന്നു. അധികാരത്തിലെത്താന്‍ കോണ്‍ഗ്രസ് തീവ്രവാദികളെ വരെ കൂട്ടുപിടിക്കും എന്നായിരുന്നു ബി.ജെ.പിയുടെ പ്രസ്താവന.
തീവ്രവാദിയെന്ന് സംശയിക്കുന്ന ഇസ്രത് ഹുസൈനെ വധിച്ചതിന് ഗുജറാത്തിലെ മോദി സര്‍ക്കാരിനെ കോണ്‍ഗ്രസ് ആക്രമിച്ചിരുന്നുവെന്നും, ലഷ്‌കര്‍ ഇ ത്വയിബ വരെ ഇയാളുമായുള്ള ബന്ധം അംഗീകരിച്ചിട്ടും കോണ്‍ഗ്രസിന് ഇസ്രത് നിഷ്‌കളങ്കനായിരുന്നുവെന്നും ബി.ജെ.പി ആരോപിച്ചു.
Content Highlight: Congress says bjp has connections with terrorist groups