കെജ്‌രിവാളും ഉവൈസിയും ബി.ജെ.പി കളത്തിലിറക്കിയവര്‍: കോണ്‍ഗ്രസ്
national news
കെജ്‌രിവാളും ഉവൈസിയും ബി.ജെ.പി കളത്തിലിറക്കിയവര്‍: കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd October 2022, 10:59 am

ന്യൂദല്‍ഹി: ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ വിജയം ഇല്ലാതാക്കാന്‍ ബി.ജെ.പി കളത്തിലിറക്കിയവരാണ് കെജ്‌രിവാളിന്റെ ആം ആദ്മിയും അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മുമെന്ന് കോണ്‍ഗ്രസ്.

ജനങ്ങള്‍ക്ക് ഈ തന്ത്രം മനസിലായെന്നും ഇത്തവണ തന്ത്രം വിജയിക്കില്ലെന്നും ഗുജറാത്ത് കോണ്‍ഗ്രസ് ഇന്‍-ചാര്‍ജ് രഘു ശര്‍മ പറഞ്ഞു. ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ച മായക്കാഴ്ച പോലെയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഗുജറാത്തില്‍ ഏല്‍പ്പിച്ച അതേ ജോലി തന്നെയാണ് ആം ആദ്മിക്ക് ഗോവയിലും ഉത്തരാഖണ്ഡിലും നല്‍കിയിരിക്കുന്നത്. ബി.ജെ.പിയുടെ നീക്കം ഈ സംസ്ഥാനങ്ങളില്‍ വിജയിച്ചെങ്കിലും ഗുജറാത്തിലെ ജനങ്ങള്‍ക്കിടയില്‍ വിറ്റുപോകില്ല. ഗുജറാത്തിലെ ജനങ്ങളെ കൃത്യമായി കോണ്‍ഗ്രസ് പാര്‍ട്ടി ബോധവത്ക്കരിച്ചിട്ടുണ്ട്.

ആം ആദ്മിയെ പോലെ വേരുകളോ പ്രവര്‍ത്തന ഘടനയോ കൃത്യമായി ഇല്ലാത്ത ഒരു പാര്‍ട്ടി ഗുജറാത്തിനെ ഇത്രമാത്രം കേന്ദ്രീകരിക്കുന്നതിന്റെ ആപത്ത് ജനങ്ങള്‍ക്ക് മനസിലാവും. ആം ആദ്മിയും എ.ഐ.എം.ഐ.എമ്മും ബി.ജെ.പിയുടെ ബി-ടീമുകളാണ്’ ശര്‍മ കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയിലും ബിഹാറിലും എ.ഐ.എം.ഐ.എം കോണ്‍ഗ്രസിനെ തകര്‍ത്ത് മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ബി.ജെ.പിയുമായി രഹസ്യധാരണ ഉണ്ടാക്കുകയാണെന്ന ആരോപണങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

എ.ഐ.എം.ഐ.എം സംസ്ഥാന അധ്യക്ഷന്‍ സാബിര്‍ കബ്‌ലിവാലയും ബി.ജെ.പിയുടെ അഹമ്മദാബാദ് മേയര്‍ കിരിത് പര്‍മറും തമ്മില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് ആരോപണങ്ങള്‍ ശക്തിപ്പെട്ടത്. ഗുജറാത്തിലും രണ്ട് ദിവസം മുമ്പ് വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു.

വന്‍തോതിലുള്ള ക്യാമ്പെയ്‌നിങ്ങിന് പകരം വീടുവീടാന്തരം കയറിയിറങ്ങിയുള്ള പ്രചാരണമാണ് കോണ്‍ഗ്രസ് ഇത്തവണ നടത്തുന്നത്.

കോണ്‍ഗ്രസിനെതിരെ സംസ്ഥാനത്ത് തെറ്റായ പ്രചരണങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ടെന്നും രഘു ശര്‍മ കൂട്ടിച്ചേര്‍ത്തു.

‘അംഗബലം കാണിക്കാന്‍ ബി.ജെ.പി നടത്തിയ ഗൗരവ് യാത്ര വന്‍ പരാജയമായിരുന്നു. ഒക്ടോബര്‍ 31 മുതല്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് യാത്രകള്‍ നടത്തും. അതിലൂടെ മനസിലാവും ഏത് പാര്‍ട്ടിക്കാണ് പിന്തുണയെന്ന്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതിരുന്നതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

‘ജനങ്ങളെ കബളിപ്പിക്കാന്‍ ബി.ജെ.പിക്ക് വീണ്ടും സമയം വേണമായിരുന്നു. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതി പ്രഖ്യാപിക്കാതിരുന്നത്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഗുജറാത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നുണ്ട്. കാരണം അവര്‍ക്കറിയാം ഗുജറാത്തിലെ സ്ഥിതി വളരെ മോശമാണെന്ന്. 125 സീറ്റോടു കൂടി ഗുജറാത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും,’ രഘു ശര്‍മ കൂട്ടിച്ചേര്‍ത്തു.

Content Highlight: Congress says AAP and AIMIM are the B-teams of bjp