ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ആം ആദ്മിക്കുള്ളിലെ ആഭ്യന്തര കലാപം മൂലം ദല്‍ഹിയിലെ 600 പി.യു.സി (പൊലൂഷന്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്) സെന്ററുകള്‍ അടച്ചുപൂട്ടേണ്ടി വന്നുവെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. മലിനീകരണ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ലാതെ ലക്ഷക്കണക്കിന് വാഹനങ്ങളാണ് തലസ്ഥാന നഗരിയുടെ നിരത്തുകളിലൂടെ ഓടുന്നതെന്നും കോണ്‍ഗ്രസ് പറഞ്ഞു.
നഗരത്തിലെ അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കാന്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള മാതൃക ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും പഠിക്കണമെന്നും ദേവേന്ദര്‍ യാദവ് പറഞ്ഞു. തലസ്ഥാനത്ത് നിന്ന് ഏഴ് പാര്‍ലമെന്റ് അംഗങ്ങളും എട്ട് എം.എല്‍.എമാരും ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നൂറിലധികം കൗണ്‍സിലര്‍മാരും ഉള്ള ബി.ജെ.പിക്ക് എന്തുകൊണ്ട് ഈ വിഷയത്തില്‍ പരിഹാരം കാണാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
കോണ്‍ഗ്രസ് ഭരണകാലത്ത് അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് ആരും ആശങ്കപ്പെടേണ്ടതില്ലായിരുന്നുവെന്നും ദേവേന്ദര്‍ യാദവ് പറയുകയുണ്ടായി. ദല്‍ഹിയിലെ അപകടകരമായ ഈ സാഹചര്യത്തിന് ആം ആദ്മിയും ബി.ജെ.പിയും ഒരുപോലെ ഉത്തരവാദികളാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.