| Friday, 8th January 2021, 1:29 pm

ട്വന്റി ട്വന്റിയുമായി രഹസ്യ ചര്‍ച്ച നടത്തി കോണ്‍ഗ്രസ്; ചര്‍ച്ച കോണ്‍ഗ്രസ് മണ്ഡലങ്ങളില്‍ ട്വന്റി ട്വന്റി മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ട്വന്റി ട്വന്റിയുമായി രഹസ്യ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് ഉന്നതതല പ്രതിനിധി സംഘം ബുധനാഴ്ച രാത്രി ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബുമായി ചര്‍ച്ച നടത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, വി.ഡി സതീശന്‍ എന്നിവരുള്‍പ്പെടുന്ന സംഘമാണ് ചര്‍ച്ച നടത്തിയത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലത്തിന് പുറമെ നാല് പഞ്ചായത്തുകളില്‍ കൂടി ട്വന്റി ട്വന്റി അധികാരത്തിലെത്തിയിരുന്നു. ഇതിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

ട്വന്റി ട്വന്റി ആദ്യം കുന്നത്ത് നാട്ടില്‍ നിന്ന് ജനവിധി തേടുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് കോണ്‍ഗ്രസിന്റെ സിറ്റിംഗ് മണ്ഡലങ്ങളായ പെരുമ്പാവൂര്‍, എറണാകുളം, ആലുവ, അങ്കമാലി, തൃക്കാക്കര, പിറവം എന്നീ മണ്ഡലങ്ങളിലും കൂടി ട്വന്റി ട്വന്റി മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ പുറത്ത് വരുന്നുണ്ട്. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയത്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അറുപത് സീറ്റുകളെങ്കിലും ഒറ്റയ്ക്ക് മത്സരിച്ച് നേടുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചുവരവിനായി താരീഖ് അന്‍വറിന് പുറമെ അശോക് ഗെലോട്ട് അടക്കമുള്ള നേതാക്കള്‍ക്ക് കേരളത്തിന്റെ ചുമതല നല്‍കിയിട്ടുണ്ട്.

കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റി 20 രണ്ട് തവണയും ഇതിന് പുറമെ ഐക്യരനാട്, മുഴവന്നൂര്‍, കുന്നത്ത് നാട് പഞ്ചായത്തിലും ട്വന്റി 20 സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Congress saw Twenty Twenty head Sabu M Jacob amid Election discussions

We use cookies to give you the best possible experience. Learn more