| Tuesday, 19th March 2019, 10:47 am

പരീക്കര്‍ ജിയുടെ ചിതാഭസ്മ നിമഞ്ജന ചടങ്ങുവരെയെങ്കിലും നിങ്ങള്‍ക്ക് കാത്തിരിക്കാമായിരുന്നു; ബി.ജെ.പിയ്‌ക്കെതിരെ സഞ്ജയ് നിരുപം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പനാജി: ഗോവ മുന്‍മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പുലര്‍ച്ചെ രണ്ട് മണിയോടെ പുതിയ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ദിന്റെ സത്യപ്രതിജ്ഞ നടത്തിയ ബി.ജെ.പിയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുംബൈ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും മുന്‍ എം.പിയുമായ സജ്ഞയ് നിരുപം.

സത്യപ്രതിജ്ഞക്കായി ബി.ജെ.പിക്കാര്‍ തെരഞ്ഞെടുത്ത സമയം ഒട്ടും ശരിയായില്ലെന്ന് സഞ്ജയ് നിരുപം പറഞ്ഞു.

“” ഗോവയില്‍ പുലര്‍ച്ചെ 1.30 ന് പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നിരിക്കുന്നു. പരീക്കര്‍ ജീ മടങ്ങാന്‍ കാത്തിരിക്കുകയായിരുന്നു ബി.ജെ.പിക്കാര്‍ എന്നാണ് തോന്നുന്നത്. പരീക്കര്‍ ജിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യുന്നത് വരെയെങ്കിലും അവര്‍ക്കൊന്ന് കാത്തിരിക്കാമായിരുന്നു. “”- സഞ്ജയ് നിരുപം ട്വിറ്ററില്‍ കുറിച്ചു.


റഫാല്‍ കരാറിന്റെ ആദ്യ ഇരയാണ് മനോഹര്‍ പരീക്കര്‍; പ്രതിരോധ മന്ത്രി സ്ഥാനം രാജിവെച്ചതിനു പിന്നില്‍ സമ്മര്‍ദ്ദമെന്നും എന്‍.സി.പി എം.എല്‍.എ


ഗോവ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ പുലര്‍ച്ചെ രണ്ടു മണിക്ക് നടത്തിയതിനെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഗോവന്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹ ജനാധ്യപത്യത്തെ കരുതിക്കൂട്ടി ഇല്ലാതാക്കിയിരിക്കുകയാണെന്നും ഇത് ജനാധിപത്യത്തിന്റെ അന്ത്യമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

പരീക്കറുടെ നിര്യാണത്തോടെ ഗോവ നിയമസഭയുടെ അംഗബലം 36 ആയി ചുരുങ്ങിയിരുന്നു. കോണ്‍ഗ്രസിന് 14 അംഗങ്ങളാണുള്ളത്. ബി.ജെ.പിക്ക് 12 പേരുണ്ട്. എം.ജി.പിക്കും ഗോവ ഫോര്‍വേഡ് പാര്‍ട്ടിക്കും മൂന്ന് അംഗങ്ങള്‍ വീതമുണ്ട്. ഒരു സ്വതന്ത്രനും എന്‍.സി.പി എം.എല്‍.എയും ബി.ജെ.പിയെ പിന്തുണയ്ക്കുകയും ചെയ്തു.

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ മരണപ്പെട്ടതിന് പിന്നാലെ ഭൂരിപക്ഷമില്ലെങ്കിലും അധികാരം നിലനിര്‍ത്താന്‍ ബി.ജെ.പിയും പുതിയ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസും ശ്രമിക്കുന്നതിനിടെയായിരുന്നു പ്രമോദ് സാവന്തിനെ സ്പീക്കര്‍ നിര്‍ദ്ദേശിക്കുന്നത്.

ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ബി.ജെ.പി എന്നിവരുമായി നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു സ്പീക്കര്‍ പ്രമോദ് സാവന്തിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. തങ്ങള്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി എന്നിവര്‍ മുന്നോട്ട് വന്നിരുന്നു.

രാത്രി 12 മണിക്കാണ് ബി.ജെ.പി നേതാക്കള്‍ ഭൂരിപക്ഷം തെളിയിച്ചുള്ള എം.എല്‍.എമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറിയത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ രാജ്ഭവനില്‍ എത്തിയിരുന്നു. ഘടകകക്ഷി നേതാക്കളുമായും പാര്‍ട്ടി നേതാക്കളുമായും ഗഡ്കരി തിങ്കളാഴ്ച രാത്രി തന്നെ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

We use cookies to give you the best possible experience. Learn more