മാണ്ഡ്യ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ മാണ്ഡ്യ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുമലതയെ പിന്തുണച്ച ഏഴ് ബ്ലോക് പ്രസിഡന്റുമാരെ കോണ്‍ഗ്രസ് പുറത്താക്കി.
മാണ്ഡ്യ റൂറല്‍ ബ്ലോക് പ്രസിഡന്റ് എച്ച് അപ്പാജി, ഭരന്തിനഗര്‍ ബി.സി.സി പ്രസിഡന്റ് എ.എസ് രാജീവ്, മാലാവള്ളി ബി.സി.സി പ്രസിഡന്റ് പുട്ടരാമു, മാലാവള്ളി അര്‍ബന്‍ ബി.സി.സി പ്രസിഡന്റ് കെ.ജി ദേവരാജു, നഗമംഗല സിറ്റി ബി.സി.സി പ്രസിഡന്റ് എം. പ്രസന്ന, കെ.ആര്‍ രവേന്ദ്ര ബാബു, എസ്.ബി പ്രകാശ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സുമലത മത്സരിക്കുന്നത്. സുമലതയ്ക്ക് സീറ്റ് നല്‍കാത്തതിനെതിരെ കോണ്‍ഗ്രസിലെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ വിമര്‍ശനവുമായി എത്തിയിരുന്നു. സീറ്റ് നല്‍കിയില്ലെങ്കില്‍ പ്രചരണത്തിന് ഇറങ്ങില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു.
ഇതിനിടെ ബി.ജെ.പി സുമലതയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പതാകയേന്തി പ്രവര്‍ത്തകര്‍ സുമലതയുട പ്രചരണ പരിപാടിയില്‍ എത്തിയത്.
മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി.ജെ.പി പിന്തുണയ്ക്കുന്ന സുമലതയ്ക്ക് വേണ്ടി വോട്ട് തേടിയതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്.
ഇതിന് പിന്നാലയായിരുന്നു ഏഴ് ബ്ലോക് പ്രസിഡന്റുമാരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞയാഴ്ച വീഡിയോ വഴി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചെങ്കിലും പ്രവര്‍ത്തകര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.