national news
ഇത് പ്രധാനമന്ത്രിക്കെതിരായ ജനവിധി; വിജയം പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തും; സിദ്ധരാമയ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 May 13, 09:39 am
Saturday, 13th May 2023, 3:09 pm

ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും എതിരായ ജനവിധിയാണെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ വിജയം പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

‘നരേന്ദ്രമോദി, അമിത് ഷാ, ജെ.പി നദ്ദ എന്നിവര്‍ക്കെതിരായ ജനവിധിയാണിത്. ഓപ്പറേഷന്‍ കമലക്ക് ചെലവഴിക്കാന്‍ അവര്‍ക്ക് ധാരാളം പണമുണ്ട്, പക്ഷേ അവര്‍ക്ക് ജനങ്ങളുടെ വിശ്വാസം വാങ്ങാന്‍ കഴിഞ്ഞില്ല. സംസ്ഥാനത്തിന്റെ മതേതര ഘടനയ്ക്ക് ബിജെപിയുടെ ഭീഷണിയുണ്ടായിരുന്നു. അവര്‍ വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിച്ചു, അത് കര്‍ണാടകയിലെ ജനങ്ങള്‍ക്ക് സഹിച്ചില്ല’, വാര്‍ത്താ സമ്മേളനത്തില്‍ സിദ്ധരാമയ്യ പറഞ്ഞു.

ജനങ്ങള്‍ക്ക് ബി.ജെ.പി ഭരണം മടുത്തെന്നും, അവര്‍ എങ്ങനെയാണ് അധികാരം ദുരുപയോഗം ചെയ്തതെന്ന് ജനങ്ങള്‍ കണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ചവിട്ടുപടിയാണ് ഫലമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയതലത്തില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുന്നത് കാണാന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സിദ്ധരാമയ്യ പറഞ്ഞു.

‘ഈ ഫലം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ചവിട്ടുപടിയാണ്. എല്ലാ ബി.ജെ.പി ഇതര കക്ഷികളും ഒന്നിച്ച് ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ക്ക് കേന്ദ്രത്തില്‍ മതേതര ജനാധിപത്യ സര്‍ക്കാരാണ് വേണ്ടത്’, അദ്ദേഹം പറഞ്ഞു.

കര്‍ണാകയില്‍ രാഹുല്‍ ഗാന്ധി നടത്തിയ ശക്തമായ പ്രചരണത്തെ അദ്ദേഹം പ്രശംസിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കും കൂടുതല്‍ ഊര്‍ജം നല്‍കാന്‍ ഈ ക്യാമ്പയിന്‍ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രിയങ്ക ഗാന്ധിയും നല്‍കിയ പിന്തുണക്ക് അദ്ദേഹം നന്ദിയറിയിക്കുകയും ചെയ്തു.

‘ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തെരഞ്ഞെടുപ്പിനെ ഏറെ സഹായിച്ചു. അദ്ദേഹം ഒരുപാട് ജില്ലകള്‍ സന്ദര്‍ശിക്കുകയും പ്രധാന പ്രശ്‌നങ്ങളെല്ലാം ഉന്നയിക്കുകയും ചെയ്തു. കര്‍ണാടകയില്‍ ശക്തമായ പ്രചരണം നടത്തിയ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരോട് ഞാന്‍ നന്ദി അറിക്കുന്നു’, അദ്ദേഹം പറഞ്ഞു.

Contenthighlight: Congress’s win in the state election was a mandate against PM: Siddharamayya