| Friday, 5th April 2024, 1:37 pm

ജാതി സെന്‍സസ്, സംവരണ തോതുയര്‍ത്താന്‍ ഭരണഘടനാ ഭേദഗതി, പെന്‍ഷന്‍ വര്‍ധന; വമ്പന്‍ പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ മുതിര്‍ന്ന വനിതാ അംഗത്തിന്റെ അക്കൗണ്ടില്‍ വര്‍ഷം ഒരു ലക്ഷം രൂപ നിക്ഷേപിക്കുമെന്നതാണ് വാഗ്ദാനങ്ങളില്‍ ഒന്ന്.

ജാതി സെന്‍സസ് നടപ്പാക്കുമെന്നും എസ്.സി, എസ്.ടി, ഒ.ബി.സി സംവരണം ഉയര്‍ത്താന്‍ ഭരണഘടന ഭേദഗതി കൊണ്ടുവരുമെന്നും  വാര്‍ധക്യ കാല പെന്‍ഷന്‍ വികലാംഗ പെന്‍ഷന്‍ തുക ആയിരം രൂപയായി ഉയര്‍ത്തുമെന്നുമാണ് മറ്റ് പ്രധാന വാഗ്ദാനങ്ങള്‍.

പാവപ്പെട്ടവര്‍ക്കായി മഹാലക്ഷ്മി പദ്ധതിയാണ് മറ്റൊരു പ്രധാന വാഗ്ദാനം. 2025 മുതല്‍ കേന്ദ്ര സര്‍ക്കാരിലെ പകുതി തസ്തികകള്‍ വനിതകള്‍ക്കായി സംവരണം ചെയ്യും.

ജാതികളും ഉപജാതികളും ഏതൊക്കെയെന്നും അവരുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ എങ്ങനെയാണെന്നും മനസിലാക്കാന്‍ കോണ്‍ഗ്രസ് രാജ്യവ്യാപകമായി സാമൂഹിക-സാമ്പത്തിക ജാതി സെന്‍സസ് നടത്തുമെന്നാണ് മറ്റൊരു പ്രഖ്യാപനം. ഡാറ്റയുടെ അടിസ്ഥാനത്തില്‍, തുടര്‍ നടപടികള്‍ പാര്‍ട്ടി ശക്തിപ്പെടുത്തുമെന്നും പ്രകടന പത്രിക അവകാശപ്പെട്ടു.

പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തിന്റെ 50 ശതമാനം പരിധി ഉയര്‍ത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി പാസാക്കുമെന്നാണ് പാര്‍ട്ടിയുടെ മറ്റൊരു വാഗ്ദാനം.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം നല്‍കുമെന്നും എല്ലാ ജാതികള്‍ക്കും സമുദായങ്ങള്‍ക്കും ഇത് ബാധകമാകുമെന്നും പത്രികയില്‍ പറയുന്നു.

പട്ടികജാതി, പട്ടികവര്‍ഗം, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികകളിലെ എല്ലാ ഒഴിവുകളും ഒരു വര്‍ഷത്തിനുള്ളില്‍ നികത്തുമെന്നും പത്രികയില്‍ പറയുന്നു.

സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരം ജോലികളിലെ കരാര്‍വത്ക്കരണം നിര്‍ത്തലാക്കുമെന്നും അത്തരം നിയമങ്ങള്‍ വേണ്ടരീതിയില്‍ ക്രമപ്പെടുത്തുമെന്നും പത്രിക അവകാശപ്പെടുന്നു.

വീട് നിര്‍മാണത്തിനും വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനും ആസ്തികള്‍ വാങ്ങുന്നതിനുമായി പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് നല്‍കുന്ന തുകയില്‍ വര്‍ധനവ് വരുത്തും.

രാജ്യത്തുടനീളം മഹാലക്ഷ്മി സ്‌കീം ആരംഭിക്കുമെന്നും പാര്‍ട്ടി വാഗ്ദാനം ചെയ്തിട്ടുണ്ട്, ഈ പദ്ധതി വഴിയാകും ദരിദ്രരായ കുടുംബങ്ങളിലെ വനിതകള്‍ക്ക് പ്രതിവര്‍ഷം ഒരുലക്ഷം രൂപ വീതം നല്‍കുക.

ഭൂപരിധി നിയമങ്ങള്‍ പ്രകാരം സര്‍ക്കാര്‍ ഭൂമിയും മിച്ചഭൂമിയും പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുന്നതിലെ സാധ്യതങ്ങള്‍ പരിശോധിക്കും.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കരാറുകാര്‍ക്ക് കൂടുതല്‍ പൊതുമരാമത്ത് കരാറുകള്‍ നല്‍കുകയും നിലവിലുള്ള പരിധി വര്‍ധിപ്പിക്കുകയും ചെയ്യും.

ഉന്നത വിദ്യാഭ്യാസ രംഗത്ത് പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പ് ഫണ്ട് ഇരട്ടിയാക്കുമെന്നും പ്രകടന പത്രിക പറയുന്നു.

ന്യൂനപക്ഷങ്ങള്‍ക്ക് വിവേചനമില്ലാതെ ബാങ്കുകള്‍ സ്ഥാപനപരമായ വായ്പ നല്‍കുമെന്ന് പാര്‍ട്ടി ഉറപ്പാക്കും. വിദ്യാഭ്യാസം, ആരോഗ്യം, പൊതു തൊഴില്‍, പൊതുമരാമത്ത് കരാറുകള്‍, നൈപുണ്യ വികസനം, കായികം, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് വിവേചന രഹിതമായി അവരുടെ ന്യായമായ വിഹിതം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.

ന്യൂനപക്ഷങ്ങള്‍ക്ക് വസ്ത്രധാരണം, ഭക്ഷണം, ഭാഷ, വ്യക്തിനിയമം എന്നിവ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കും.വിദേശ പഠനത്തിനുള്ള മൗലാനാ ആസാദ് സ്‌കോളര്‍ഷിപ്പുകള്‍ പാര്‍ട്ടി പുനഃസ്ഥാപിക്കുകയും സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

25 വയസ്സിന് താഴെയുള്ള എല്ലാ ഡിപ്ലോമ ഹോള്‍ഡര്‍മാര്‍ക്കും ബിരുദധാരികള്‍ക്കും ഒരു വര്‍ഷത്തെ അപ്രന്റീസ്ഷിപ്പ് നല്‍കുമെന്നും പത്രിക വാഗ്ദാനം ചെയ്യുന്നു.

പട്ടികജാതി-പട്ടികവര്‍ഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി കോണ്‍ഗ്രസ് റെസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ ഒരു ശൃംഖല സ്ഥാപിക്കുകയും അവ എല്ലാ ബ്ലോക്കുകളിലേക്കും വ്യാപിപ്പിക്കുകയും ചെയ്യും.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15, 16, 25, 26, 28, 29, 30 എന്നിവ പ്രകാരം മതന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പുനല്‍കുന്ന അവകാശങ്ങളെയും വിശ്വാസങ്ങള്‍ പാലിക്കാനുള്ള മൗലികാവകാശത്തെയും മാനിക്കുമെന്നും അവ ഉയര്‍ത്തിപ്പിടിക്കുമെന്നും പ്രകടന പത്രിക ഉറപ്പുനല്‍കുന്നു.

അതുപോലെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15, 16, 29, 30 എന്നിവ പ്രകാരം ഉറപ്പുനല്‍കുന്ന ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

വിദ്യാഭ്യാസം, തൊഴില്‍, ബിസിനസ്സ്, സേവനങ്ങള്‍, കായികം, കലകള്‍, മറ്റ് മേഖലകള്‍ എന്നിവയില്‍ വരുന്ന അവസരങ്ങള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താന്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെയും യുവാക്കളെയും പാര്‍ട്ടി പ്രോത്സാഹിപ്പിക്കുമെന്നും പത്രികയില്‍ പറയുന്നു.

മുതിര്‍ന്ന പൗരന്മാര്‍ക്ക് യാത്രാ ഇളവുകള്‍ നല്‍കുമെന്നും രാജസ്ഥാന്‍ മാതൃകയില്‍ 25 ലക്ഷം രൂപ വരെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കൊണ്ടുവരുമെന്നും പത്രികയില്‍ പറയുന്നു.

നേതാക്കള്‍ കൂറുമാറിയാല്‍ ഉടനടി അയോഗ്യരാക്കുന്ന നിയമം കൊണ്ടുവരുമെന്നും ഇലക്ടറല്‍ ബോണ്ടിലും പി.എം കെയര്‍ ഫണ്ടിലും അന്വേഷണം ഉറപ്പാക്കുമെന്നും പ്രകടന പത്രിക പുറത്തിക്കൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

Content Highlight: Congress’s poll manifesto: Caste census, jobs, cash transfers for women

Latest Stories

We use cookies to give you the best possible experience. Learn more