ന്യൂദൽഹി: കോൺഗ്രസ് ഭരണവും എൻ.ഡി.എ ഭരണവും താരതമ്യം ചെയ്യുന്ന ധവളപത്രം പാർലമെന്റിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ബജറ്റ് സെഷനിൽ അവതരിപ്പിക്കുമെന്ന എൻ.ഡി.എ സർക്കാരിന്റെ പ്രഖ്യാപനത്തിന് മറുപടിയായി കോൺഗ്രസിന്റെ ‘ബ്ലാക്ക് പേപ്പർ.’
10 വർഷത്തെ അന്യായ കാലം എന്ന തലക്കെട്ടോടെയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ബ്ലാക്ക് പേപ്പർ പുറത്തിറക്കിയത്.
‘ഇന്ന് ഞങ്ങൾ സർക്കാരിനെതിരെ ബ്ലാക്ക് പേപ്പർ പുറത്തിറക്കുകയാണ്. എപ്പോഴെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വീക്ഷണങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കുമ്പോഴും തന്റെ പരാജയങ്ങൾ അദ്ദേഹം മറച്ചുവെക്കുകയാണ്. അതേസമയം ഞങ്ങൾ സർക്കാരിന്റെ പരാജയങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ അതിന് പ്രാധാന്യം നൽകുന്നില്ല.
അതുകൊണ്ട് ഞങ്ങൾ ബ്ലാക്ക് പേപ്പർ പുറത്തിറക്കുകയാണ്, സർക്കാരിന്റെ പരാജയങ്ങളെ കുറിച്ച് ജനങ്ങളോട് പറയാൻ,’ ഖാർഗെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ബി.ജെ.പി ഇതര സംസ്ഥാനങ്ങളായ കേരള, കർണാടക, തെലങ്കാന തുടങ്ങിയവയോട് കേന്ദ്രം വിവേചനം കാണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബ്ലാക്ക് പേപ്പറിൽ നരേന്ദ്ര മോദി ഭരണകാലത്ത് തൊഴിലില്ലായ്മ, പണപ്പെരുപ്പം, കർഷകരുടെ ദുരിതം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാജയങ്ങളാണ് ചൂണ്ടിക്കാട്ടുന്നതെന്ന് ഖാർഗെ പറഞ്ഞു.
ഫെബ്രുവരി ഒന്നിന് മോദി സർക്കാർ അവതരിപ്പിച്ച ഇടക്കാല ബജറ്റിലാണ് 10 വർഷത്തെ യു.പി.എ സർക്കാരിന്റെയും 10 വർഷത്തെ എൻ.ഡി.എ സർക്കാരിന്റെയും സാമ്പത്തിക പ്രകടനം താരതമ്യം ചെയ്തുകൊണ്ട് ധവളപത്രം പുറത്തിറക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്.
CONTENT HIGHLIGHT: Congress’s Mallikarjun Kharge releases ‘black paper’ to counter Centre’s ‘white paper’