ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ഭരണകൂടത്തെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും തുടര്‍ച്ചയായി ഉപയോഗിക്കുന്ന പരമാവധി ഭരണം, കുറഞ്ഞ ഗവര്‍ണ്‍മെന്റ് എന്ന മുദ്രാവാക്യത്തിന്റെ അര്‍ത്ഥം അവരുടെ പ്രവൃത്തിയിലൂടെ
വ്യക്തമാണെന്ന് സോണിയ ഗാന്ധി പരിഹസിച്ചു.
കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തിന് രാജസ്ഥാനിലെ ഉദയ്പൂരില്‍ തുടക്കം കുറിച്ച് പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്ന സോണിയ ഗാന്ധി.
മതേതര രാജ്യത്തിന്റെ അഭിവാജ്യ ഘടകമായ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തിയും വേട്ടയാടിയും ജനങ്ങളെ ജീവിക്കാന്‍ നിര്‍ബന്ധിക്കുന്നതാണ് മോദിയുടെ മുദ്രാവാക്യത്തിന്റെ അര്‍ത്ഥമെന്നും സോണിയ പറഞ്ഞു.
നാനാത്വത്തില്‍ ഏകത്വം എന്ന ഭരണഘടനാ ആശയത്തിനെതിരാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനം. സര്‍ക്കാരിനെതിരെ നില്‍ക്കുന്നവരെ തകര്‍ത്തും അപകീര്‍ത്തിപ്പെടുത്തിയും വേട്ടയാടിയും ജയിലിലടച്ചും
അന്വേഷണ സംഘങ്ങളെ നിയന്ത്രിച്ചുമൊക്കെയാണ് കേന്ദ്രസര്‍ക്കാര്‍ ഭരണം.
ജനാധിപത്യ രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും മോദി സര്‍ക്കാര്‍ നിയന്ത്രിക്കുകയാണ്. രാജ്യത്തിന്റെ ചരിത്രത്തെ തിരുത്താനും ശ്രമിക്കുന്ന ഭരണകൂടമാണ് ഇന്ന് രാജ്യത്തുള്ളതെന്നും സോണിയ ഗാന്ധി പറഞ്ഞു.
രാജ്യത്തിന് വേണ്ടി ധീരന്മാര്‍ നല്‍കിയ സംഭാവനകളെ നിരുപാധികം തിരുത്തിയെഴുതുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനുദാഹരണമാണ് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയവരെ വെള്ളപൂശാനുള്ള നീക്കങ്ങള്‍. രാജ്യത്തിന്റെ തൂണുകളായ സ്വാതന്ത്ര്യം, നീതി, തുല്യത, സാഹോദര്യം, മതനിരപേക്ഷത എന്നിവയെ ക്ഷയിപ്പിക്കുകയാണ് സര്‍ക്കാര്‍. ഭയം ഉപയോഗിച്ച് രാജ്യത്തെ സ്ത്രീകളെയും ആദിവാസികളേയും കീഴ്പ്പെടുത്തുകയാണ് മോദി സര്‍ക്കാരെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.
ഭരണഘടനയില്‍ വ്യക്തമാക്കുന്ന മൂല്യങ്ങളെ നശിപ്പിക്കുകയും, രാജ്യത്തെ പല ഭാഗങ്ങളിലും മത വര്‍ഗീയതയും മോദി സര്‍ക്കാരിന്റെ കീഴില്‍ ആളിക്കത്തുകയാണ്. രാജ്യത്ത് വ്യാപകമായി പടര്‍ന്നുപിടിക്കുന്ന ഈ വൈറസിനെ നേരിടാന്‍ രാജ്യമൊന്നടങ്കം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും സോണിയ ഗാന്ധി പറഞ്ഞു.
യുവാക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്തും ജീവിത നിലവാരം വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ സര്‍ക്കാരിന്റെ ഭരണത്തില്‍ ജോലി എന്ന സ്വപ്നം തന്നെ മാഞ്ഞുപോയ നിരവധി യുവാക്കളാണ് നമുക്ക് ചുറ്റുമുള്ളതെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.
അതേസമയം, അഞ്ച് വര്‍ഷം തുടര്‍ച്ചയായി പാര്‍ട്ടി ഭാരവാഹികളാകുന്നവരെ മാറ്റി നിര്‍ത്തണമെന്ന് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ സംഘടനാ സമിതി നിര്‍ദേശം. നിലനില്‍പ്പ് അപകടത്തിലാക്കുന്ന സഖ്യങ്ങളില്‍ ഏര്‍പ്പെടരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏഴ് വര്‍ഷമായി പാര്‍ട്ടിയിലെ വന്‍ തകര്‍ച്ചയിലേക്ക് നയിച്ച തെരഞ്ഞെടുപ്പ് പരാജയങ്ങളുടെയും വിയോജിപ്പിന്റെയും അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ്മൂന്ന് ദിവസത്തെ ചിന്തന്‍ ശിവിര്‍ നടത്തുന്നത്.
വിവിധ വെല്ലുവിളികളെ അഭിമുഖീകരിച്ച് പുതിയ ദിശയിലേക്ക് നീങ്ങാനും രാജ്യത്തിന്റെ ശോഭനമായ ഭാവിക്ക് വഴിയൊരുക്കാനും അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ആത്മപരിശോധന നടത്തുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര എന്നിവരുള്‍പ്പെടെ 400 ഓളം നേതാക്കളാണ് ചിന്തന്‍ ശിവിറില്‍ പങ്കെടുക്കുന്നത്.
Content Highlights: Congress’s Chintan Shivir Sonia Gandhi’s speech