ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ഭരണകൂടത്തെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും തുടര്‍ച്ചയായി ഉപയോഗിക്കുന്ന പരമാവധി ഭരണം, കുറഞ്ഞ ഗവര്‍ണ്‍മെന്റ് എന്ന മുദ്രാവാക്യത്തിന്റെ അര്‍ത്ഥം അവരുടെ പ്രവൃത്തിയിലൂടെ
വ്യക്തമാണെന്ന് സോണിയ ഗാന്ധി പരിഹസിച്ചു.
കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തിന് രാജസ്ഥാനിലെ ഉദയ്പൂരില്‍ തുടക്കം കുറിച്ച് പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്ന സോണിയ ഗാന്ധി.
മതേതര രാജ്യത്തിന്റെ അഭിവാജ്യ ഘടകമായ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തിയും വേട്ടയാടിയും ജനങ്ങളെ ജീവിക്കാന്‍ നിര്‍ബന്ധിക്കുന്നതാണ് മോദിയുടെ മുദ്രാവാക്യത്തിന്റെ അര്‍ത്ഥമെന്നും സോണിയ പറഞ്ഞു.
നാനാത്വത്തില്‍ ഏകത്വം എന്ന ഭരണഘടനാ ആശയത്തിനെതിരാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനം. സര്‍ക്കാരിനെതിരെ നില്‍ക്കുന്നവരെ തകര്‍ത്തും അപകീര്‍ത്തിപ്പെടുത്തിയും വേട്ടയാടിയും ജയിലിലടച്ചും
അന്വേഷണ സംഘങ്ങളെ നിയന്ത്രിച്ചുമൊക്കെയാണ് കേന്ദ്രസര്‍ക്കാര്‍ ഭരണം.
ജനാധിപത്യ രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും മോദി സര്‍ക്കാര്‍ നിയന്ത്രിക്കുകയാണ്. രാജ്യത്തിന്റെ ചരിത്രത്തെ തിരുത്താനും ശ്രമിക്കുന്ന ഭരണകൂടമാണ് ഇന്ന് രാജ്യത്തുള്ളതെന്നും സോണിയ ഗാന്ധി പറഞ്ഞു.
രാജ്യത്തിന് വേണ്ടി ധീരന്മാര്‍ നല്‍കിയ സംഭാവനകളെ നിരുപാധികം തിരുത്തിയെഴുതുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനുദാഹരണമാണ് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയവരെ വെള്ളപൂശാനുള്ള നീക്കങ്ങള്‍. രാജ്യത്തിന്റെ തൂണുകളായ സ്വാതന്ത്ര്യം, നീതി, തുല്യത, സാഹോദര്യം, മതനിരപേക്ഷത എന്നിവയെ ക്ഷയിപ്പിക്കുകയാണ് സര്‍ക്കാര്‍. ഭയം ഉപയോഗിച്ച് രാജ്യത്തെ സ്ത്രീകളെയും ആദിവാസികളേയും കീഴ്പ്പെടുത്തുകയാണ് മോദി സര്‍ക്കാരെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.