ന്യൂദല്‍ഹി: വ്യക്തി പ്രഭാവത്തേക്കാള്‍ വലുതാണ് രാജ്യത്തെ തെരഞ്ഞെടുപ്പെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന ചോദ്യവുമായി ബി.ജെ.പി നടത്തുന്ന പ്രചരണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ഒരു വ്യക്തിയെ മാത്രം കേന്ദ്രീകരിച്ചുള്ളതല്ല രാജ്യത്തെ തെരഞ്ഞെടുപ്പെന്ന് ബി.ജെ.പി മനസ്സിലാക്കണമെന്ന് ജയറാം രമേശ് പറഞ്ഞു.
‘നമ്മുടെ രാജ്യത്ത് തെരഞ്ഞെടുപ്പെന്നത് സൗന്ദര്യമത്സരമല്ല. പാര്‍ട്ടികള്‍, അതിന്റെ പ്രത്യയശാസ്ത്രം, ചിഹ്നം, തെരഞ്ഞെടുപ്പ് പ്രചാരണം എന്നിവ തമ്മിലാണ് രാജ്യത്ത് മത്സരം നടക്കുന്നത്. കോണ്‍ഗ്രസിന് മാത്രമായി ഒരു പൊതു പ്രകടനപത്രിക ഇല്ല. മറിച്ച് അഞ്ച് ന്യായ് അജണ്ടയാണ് ഞങ്ങള്‍ക്ക് ഉള്ളത്. അത് കോണ്‍ഗ്രസിന്റെ മാത്രം അജണ്ടയല്ല, മറിച്ച് ഇന്ത്യാ സഖ്യത്തിന്റെ അജണ്ടയാണ്,’ജയറാം രമേശ് പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 370ലധികം സീറ്റുകള്‍ നേടുമെന്ന ബി.ജെ.പിയുടെ അവകാശവാദം അവരുടെ സൈക്കോളജിക്കല്‍ മൂവാണെന്നും അദ്ദേഹം പറഞ്ഞു. മോദിയും അമിത് ഷായും സൈക്കോളജിക്കല്‍ മൂവിൽ വിദഗ്ധരാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 370 സീറ്റുകള്‍ നേടുമെന്ന് ഉറപ്പുണ്ടെങ്കില്‍ അവര്‍ എന്തിനാണ് ബി.ജെ.ഡിയുടെയും ടി.ഡി.പിയുടെയും പിന്നാലെ ഓടുന്നതെന്നും അദ്ദേഹം ചോദിച്ചു.
അതിനിടെ, ബി.ജെ.പിക്കെതിരെ പശ്ചിമ ബംഗാളിലും ഇന്ത്യാ മുന്നണിയെ കളത്തിലറക്കാനുള്ള പ്രതിപക്ഷത്തിന്റെ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് ഇന്ത്യാ മുന്നണിക്ക് വലിയ തിരിച്ചടിയായി. മമതക്ക് മോദിയെ ഭയമാണെന്നും അതിനാലാണ് ഇന്ത്യാ സഖ്യത്തിന്റെ കൂടെ നിക്കാന്‍ അവര്‍ വിസമ്മതിച്ചതെന്നും കോണ്‍ഗ്രസ് എം.പി അധിര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു.
Content Highlight: Congress’s ‘beauty contest’ dig at PM face question for opposition INDIA bloc