ന്യൂദല്‍ഹി: ബി.ജെ.പിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ നിരസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ. താന്‍ ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്ത രാഷ്ട്രീയ ദുഷ്പ്രചരണമാണെന്ന് അദ്ദേഹം പ്രതികരിച്ചു. എന്‍.ഡി.ടി.വിയോടായിരുന്നു ആനന്ദ് ശര്‍മ്മയുടെ പ്രതികരണം.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുമായി ആനന്ദ് ശര്‍മ്മ കൂടിക്കാഴ്ച്ചക്ക് നടത്താന്‍ ഉദ്ദേശിക്കുന്നതായായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.
രാജ്യസഭാ സീറ്റ് ഗാന്ധി കുടുംബം വിശ്വസ്തര്‍ക്ക് വീതം വച്ചുവെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് വിശദീകരണവുമായി ആനന്ദ് ശര്‍മ്മ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ആനന്ദ് ശര്‍മ്മ കടുത്ത നിലപാട് എടുത്തേക്കുമെന്ന സൂചന ഇപ്പോഴുമുണ്ട്. ഇതേപ്പറ്റി അദ്ദേഹം നിലവില്‍ പ്രതികരിച്ചില്ല.
സീറ്റ് കിട്ടുമെന്ന പ്രതീക്ഷയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള നടപടിക്രമങ്ങള്‍ ആനന്ദ് ശര്‍മ്മയും ഗുലാം നബി ആസാദും പൂര്‍ത്തിയാക്കിയതായി പോലും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ജമ്മുകശ്മീര്‍ തെരഞ്ഞെുപ്പിന് മുന്‍പ് ആസാദ് സ്വന്തം പാര്‍ട്ടി രൂപീകരിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാണ്. ആനന്ദ് ശര്‍മ്മയുമായി കപില്‍ സിബല്‍ ആശയവിനിമയം നടത്തിയെന്നും വിവരമുണ്ട്.
അതേസമയം, ചിന്തന്‍ ശിബിര തീരുമാന പ്രകാരം ഓരോ നേതാക്കള്‍ക്കും ഓരോ ഉത്തരവാദിത്തം നല്‍കുകയാണെന്നും ഗ്രൂപ്പ് 23 നേതാക്കളെ തേടിയും അവസരങ്ങള്‍ എത്തുമെന്നാണ് നേതൃത്വത്തോടടുത്ത് നില്‍ക്കുന്ന ചില മുതിര്‍ന്ന നേതാക്കളുടെ വാദം.