ന്യൂദല്‍ഹി: ഗുജറാത്ത് നിയമസഭയില്‍ നിന്ന് കോണ്‍ഗ്രസ് എം.എല്‍.എ.മാരായ അല്‍പേഷ് താക്കൂറും ദല്‍വാല്‍ സിങ് സലയും രാജിവെച്ചു.
രാഹുല്‍ ഗാന്ധിയെ വിശ്വസിച്ചാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും എന്നാല്‍ രാഹുല്‍ തങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്തില്ലെന്നും അല്‍പേഷ് കുറ്റപ്പെടുത്തി.
‘ഞങ്ങള്‍ വീണ്ടും വീണ്ടും അപമാനിക്കപ്പെടുകയാണ്. അതുകൊണ്ട് കോണ്‍ഗ്രസ് എം.എല്‍.എ സ്ഥാനം രാജിവെക്കുകയാണ്’- അല്‍പേഷ് പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഒഴിവ് വന്ന രണ്ട് രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെതിരേ വോട്ട് ചെയ്യുകയും അത് പരസ്യമായി പ്രസ്താവിക്കുകയും ചെയ്തിരുന്നു അല്‍പേഷ്.
ഏതു പാര്‍ട്ടിക്കണോ ജനപിന്തുണ നഷ്ടപ്പെട്ടത് ഏതു പാര്‍ട്ടിയാണോ ഞങ്ങളെ വഞ്ചിച്ചത് അവര്‍ക്കെതിരെയാണ് വോട്ടു ചെയ്‌തെന്ന് അല്‍പേഷ് മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു.
‘കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ എന്റെ വോട്ടിന്റെ പേരില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. അപ്പോള്‍ തന്നെ നിങ്ങള്‍ക്ക് മനസ്സിലായിക്കാണുമല്ലോ ഞാന്‍ ആര്‍ക്കാണ് വോട്ട് ചെയ്തിരിക്കുകയെന്ന്’- അല്‍പേഷ് പറഞ്ഞു.
അല്‍പേഷിന്റെ എം.എല്‍.എ സ്ഥാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയേയും നിയമസഭാ സ്പീക്കറേയും കോണ്‍ഗ്രസ് സമീപിച്ചിരുന്നു.
ഏപ്രിലില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും അല്‍പേഷ് രാജിവെച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷവും എം.എല്‍.എ സ്ഥാനത്ത് തുടരുകയായിരുന്നു.