ന്യൂദല്‍ഹി: ഒറ്റരാത്രി കൊണ്ട് ഭരണഘടനയുടെ എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. ലോക്‌സഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഉത്തരവ് വായിക്കുന്നതിനിടെയായിരുന്നു ഇത്.
‘നിങ്ങള്‍ പാക് അധീന കശ്മീരിനെക്കുറിച്ചാണു ചിന്തിക്കുന്നതെന്ന് എനിക്കു തോന്നുന്നില്ല. ഒറ്റരാത്രികൊണ്ട് ഒരു സംസ്ഥാനം കേന്ദ്രഭരണ പ്രദേശമാക്കുന്നതിനു വേണ്ടി നിങ്ങള്‍ എല്ലാ നിയമങ്ങളും ലംഘിച്ചു.’- ചൗധരി പറഞ്ഞു.
ലോക്‌സഭയില്‍ ഏറെനേരമായി അമിത് ഷായും ചൗധരിയും തമ്മില്‍ വാക്‌പോര് നടക്കുകയാണ്. ഷായുടെ പ്രസംഗം തടസ്സപ്പെടുത്തി സംസാരിക്കാന്‍ ശ്രമിച്ച ചൗധരിയോട് നിരവധിതവണ സ്പീക്കര്‍ ഓം ബിര്‍ള സീറ്റിലിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
അസാധാരണ നടപടിക്രമങ്ങളിലൂടെയാണ് കശ്മീരിന് പ്രത്യേക പരിരക്ഷ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ആണ് കേന്ദ്രം റദ്ദാക്കിയത്. രാഷ്ട്രപതി നേരത്തെ തന്നെ ഒപ്പുവെച്ച ഉത്തരവാണ് അമിത് ഷാ ബില്ലായി അവതരിപ്പിച്ചത്.