'ആര്‍.ജെ.ഡി വാക്ക് പാലിച്ചില്ലെങ്കില്‍ കടുത്ത തീരുമാനങ്ങളെടുക്കും'; രാജ്യസഭാ സീറ്റിനെച്ചൊല്ലി ബീഹാറില്‍ കോണ്‍ഗ്രസ്-ആര്‍.ജെ.ഡി പോര്
Rajyasabha Elections
'ആര്‍.ജെ.ഡി വാക്ക് പാലിച്ചില്ലെങ്കില്‍ കടുത്ത തീരുമാനങ്ങളെടുക്കും'; രാജ്യസഭാ സീറ്റിനെച്ചൊല്ലി ബീഹാറില്‍ കോണ്‍ഗ്രസ്-ആര്‍.ജെ.ഡി പോര്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th March 2020, 11:48 am

ന്യൂദല്‍ഹി: രാജ്യസഭാ സീറ്റിനെച്ചൊല്ലി ബീഹാറില്‍ കോണ്‍ഗ്രസ്-ആര്‍.ജെ.ഡി പോര്. മാര്‍ച്ച് 26 ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളാണ് ബീഹാറിലുള്ളത്. നിയമസഭാ അംഗങ്ങളുടെ കണക്കുവെച്ച് നോക്കുമ്പോള്‍ ജെ.ഡി.യു-ബി.ജെ.പി സഖ്യത്തിന് മൂന്ന് സീറ്റും ആര്‍.ജെ.ഡിക്ക് രണ്ട് സീറ്റുമാണ് ഉറപ്പിക്കാനാവുക.

ആര്‍.ജെ.ഡിക്ക് സ്വന്തമായുള്ള ഒരു സീറ്റ് കോണ്‍ഗ്രസിന് നല്‍കണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. എന്നാല്‍, ആര്‍.ജെ.ഡി ഇതിന് ഒരുക്കമല്ല. തുടര്‍ന്ന് തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തി ആര്‍.ജെ.ഡിക്ക് തുറന്ന കത്ത് നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസിന്റെ സംസ്ഥാന ചുമതലയുള്ള ശക്തി സിങ് ഗോഹില്‍. രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് നല്‍കുമെന്ന വാഗ്ദാനം ആര്‍.ജെ.ഡി മറക്കാന്‍ പാടില്ലെന്നും കത്തില്‍ കോണ്‍ഗ്രസ് ഓര്‍മ്മിപ്പിക്കുന്നു.

വാഗ്ദാനം പാലിക്കാത്ത ആര്‍.ജെ.ഡിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചാണ് കത്ത്.

‘ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് മഹാസഖ്യത്തെ പ്രഖ്യാപിച്ച് ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ സംയുക്തമായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് കൈമാറുമെന്ന് വ്യക്തമായി പറഞ്ഞിരുന്നതാണ്. വാഗ്ദാനം പാലിക്കുന്നതിന് ജീവന്‍ കൊടുക്കുന്നതിനേക്കാള്‍ പ്രാധാന്യമുണ്ട്. ആര്‍.ജെ.ഡി നേതാക്കള്‍ വാക്കിന് വില കാണിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’, ഗോഹില്‍ കത്തില്‍ എഴുതി.

സീറ്റ് ലഭിച്ചാല്‍ ബീഹാറില്‍നിന്നു തന്നെയുള്ള ഒരു കോണ്‍ഗ്രസ് നേതാവിനെയാവും സ്ഥാനാര്‍ത്ഥിയാക്കുകയെന്നും ഗോഹില്‍ കത്തില്‍ വ്യക്തമാക്കി. തന്നെപ്പോലെ ബീഹാറില്‍ വോട്ടില്ലാത്ത ആരും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവില്ലെന്നും അദ്ദേഹം പറഞ്ഞു.

‘കോണ്‍ഗ്രസിന് സീറ്റ് കൈമാറാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആര്‍.ജെ.ഡി നേതാവ് ജാഗ്ഡാനന്ദ സിങ് പ്രസ്താവനയിറക്കിയത് ഞാന്‍ കണ്ടു. അതിന് ശേഷമാണ് ഞാന്‍ ആര്‍.ജെ.ഡി നേതൃത്വത്തിന് തുറന്ന കത്ത് നല്‍കിയത്’, ഗോഹില്‍ എ.എന്‍.ഐയോട് പ്രതികരിച്ചു.

ആര്‍.ജെ.ഡി വാക്ക് പാലിക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് കൂടുതല്‍ കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ