ന്യൂദല്‍ഹി: തീവ്രഹിന്ദുത്വ നിലപാടുള്ള വ്യക്തിയും നിരന്തരം വിദ്വേഷ പ്രചാരണം നടത്തുന്ന ആളുമായ ജയ്പൂര്‍ ഡയലോഗ്‌സിന്റെ ഡയറക്ടര്‍ സുനില്‍ ശര്‍മക്ക് സീറ്റ് നല്‍കിയ നിലപാട് തിരുത്തി കോണ്‍ഗ്രസ്. രാജസ്ഥാനിലെ ജയ്പൂരിലായിരുന്നു കോണ്‍ഗ്രസ് സുനില്‍ ശര്‍മക്ക് പാര്‍ലമെന്റിലേക്ക് സീറ്റ് നല്‍കിയത്.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസിനകത്തുനിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്നോട്ട് പോയത്. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം ശശി തരൂര്‍ ഉള്‍പ്പടെ സുനില്‍ ശര്‍മക്ക് സീറ്റ് നല്‍കിയതിനെ വിമര്‍ശിച്ച് രംഗത്തെത്തിയരുന്നു. സുനില്‍ ശര്‍മക്ക് പകരം രാജസ്ഥാനിലെ മുന്‍മന്ത്രി പ്രതാപ് സിങ് ഖചാരിയവാസാണ് പുതിയ സ്ഥാനാര്‍ത്ഥി.
സുനില്‍ ശര്‍മയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വലിയ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളിലടക്കം കോണ്‍ഗ്രസിനെതിരെ ഉയര്‍ന്നിരുന്നത്. നിരന്തരം വിദ്വേഷ പ്രചാരണം നടത്തുന്ന ജയ്പൂര്‍ ഡയലോഗ്‌സ് എന്ന ചാനലിന്റെ ഡയറകറായിരുന്നു സുനില്‍ ശര്‍മ. ഈ ചാനലിലൂടെ കോണ്‍ഗ്രസിനെ തന്നെ നിരവധി തവണ അവഹേളിച്ചയാളാണ് സുനില്‍ ശര്‍മ. ഈ പോസ്റ്റുകളെല്ലാം ഉയര്‍ത്തിക്കാട്ടിയായിരുന്നു ജയ്പൂരില്‍ സുനില്‍ ശര്‍മയുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉയര്‍ന്നിരുന്നത്.
ശശി തരൂരും ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈറുമാണ് സുനില്‍ ശര്‍മയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പ്രതിഷേധിച്ച പ്രമുഖര്‍. തനിക്കെതിരെ മാത്രം ജയ്പൂര്‍ ഡയലോഗ്‌സ് നടത്തിയ വിവിധ വിദ്വേഷ പോസ്റ്റുകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ശശി തരൂര്‍ വിമര്‍ശനം ഉന്നയിച്ചത്.
ജയ്പൂര്‍ ഡയലോഗ്‌സുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുന്ന സുനില്‍ ശര്‍മയുടെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു മുഹമ്മദ് സുബൈര്‍ സുനില്‍ ശര്‍മയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ചോദ്യം ചെയ്തത്. ഇതിനെ നിഷേധിച്ച് ആദ്യം സുനില്‍ ശര്‍മ രംഗത്തെത്തിയെങ്കിലും മുഹമ്മദ് സുബൈര്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ടതോടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം കൂടുകയായിരുന്നു.
സുനില്‍ ശര്‍മയും അശോക് ഗെഹ്‌ലോട്ടും
രാജസ്ഥാനിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ടിന്റെ താത്പര്യപ്രകാരമാണ് സുനില്‍ ശര്‍മക്ക് സീറ്റ് നല്‍കിയിരുന്നത് എന്നാണ് സൂചന. സുനില്‍ ശര്‍മയുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചില്ലെങ്കില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന തിരിച്ചറിവില്‍ നിന്നാണ് കോണ്‍ഗ്രസ് പെട്ടെന്ന് തന്നെ തീരുമാനമെടുത്തത്.
content highlights: Congress reverses decision to give seat to hate campaigner Sunil Sharma in Jaipur