| Thursday, 23rd May 2019, 11:11 pm

25 വര്‍ഷങ്ങള്‍ക്ക് ശേഷം പരീക്കറിന്റെ മണ്ഡലം പിടിച്ചെടുത്ത് കോണ്‍ഗ്രസ്; കനത്ത തിരിച്ചടയിലും അഭിമാനിക്കാന്‍ വക നല്‍കി ഗോവ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പഞ്ചിം: കനത്ത പരാജയത്തിനിടയിലും കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ ഇട നല്‍കി ഗോവ. ബി.ജെ.പി ശക്തി കേന്ദ്രമായ പനാജി നിയമസഭാ സീറ്റ് കോണ്‍ഗ്രസ് 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരിച്ചു പിടിക്കുന്നത്. മോദി മന്ത്രി സഭയിലെ പ്രതിരോധ മന്ത്രിയും, പിന്നീട് ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കറിന്റെ മണ്ഡലമാണ് പനാജി എന്നത് കോണ്‍ഗ്രസിന്റെ വിജയത്തിന് തിളക്കം കൂട്ടുന്നുണ്ട്.

1989ലാണ് കോണ്‍ഗ്രസ് അവസാനമായി പനാജിയില്‍ ജയിക്കുന്നത്. എന്നാല്‍ പരീക്കറിന്റെ വരവോടെ 1994 മുതല്‍ മണ്ഡലം ബി.ജെ.പിയോടൊപ്പം ഉറച്ചു നിന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗോവ സൗത്ത് കോണ്‍ഗ്രസിനൊപ്പം നിന്നപ്പോള്‍ നോര്‍ത്ത് ഗോവയില്‍ വിജയിച്ചത് ബി.ജെ.പിയാണ്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗോവ ബി.ജെ.പി തൂത്തുവാരിയിരുന്നു.

കോണ്‍ഗ്രസിന് വേണ്ടി ബാബുഷ് മൊന്‍സെറാറ്റ് ആണ് പനാജിയില്‍ മത്സരിച്ചത്. പരീക്കറിന്റെ അനുയായിയായ സിദ്ധാര്‍ത്ഥ് കുന്‍കലിന്‍കറിനെ 1700 വോട്ടുകള്‍ക്കാണ് ബാബുഷ് പരാജയപ്പെടുത്തിയത്. പനാജി നഷ്ടപ്പെടാതിരിക്കേണ്ടത് ബി.ജെ.പിക്ക് അത്യാവശ്യമായിരുന്നു എന്ന തരത്തിലായിരുന്നു ഇവിടത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍. മുഖ്യമന്ത്രി പ്രമോദ് സാവന്ത് നേരിട്ടിറങ്ങിയാണ് പനാജിയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

ഇതു കൂടാതെ മാന്ദ്രേം, മപുസ, സിരോദ എന്നീ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയത് ബി.ജെ.പിയാണ്. ഇതോടെ നിയസഭയിലെ ബി.ജെ.പിക്ക് 17ഉം കോണ്‍ഗ്രസിന് 16ഉം എം.എല്‍.എമാരാണുള്ളത്. സംസ്ഥാനത്ത് ബി.ജെ.പിക്ക് മൂന്ന് ഗോവ ഫോര്‍വേഡ് പാര്‍ട്ടി എം.എല്‍.എമാരുടേയും മൂന്ന് സ്വതന്ത്രരുടേയും പിന്തുണയുണ്ട്.

We use cookies to give you the best possible experience. Learn more