ന്യൂദല്‍ഹി: ഒരു വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ ഇന്ത്യന്‍ ജനതയെയും വാക്‌സിനേറ്റ് ചെയ്യാനായി കൃത്യമായ മാപ്പ് തയ്യാറാക്കി പുറത്തുവിടണമെന്നു കേന്ദ്രത്തോടു കോണ്‍ഗ്രസ്. സംസ്ഥാനങ്ങള്‍ക്കു വാക്‌സിന്‍ അനുവദിക്കുന്നതില്‍ സുതാര്യത ഉറപ്പു വരുത്തണമെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
കേന്ദ്രം ഒരു സമയപരിധി നിശ്ചയിച്ചല്ല കാര്യങ്ങളെ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ പുതുക്കിയ വാക്‌സിന്‍ നയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വാക്‌സിന്‍ നല്‍കുന്നതില്‍ വേര്‍തിരിവു പാടില്ല. സഹകരണ മൂല്യങ്ങളില്‍ അധിഷ്ഠിതമായിട്ടായിരിക്കണം കേന്ദ്രം പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
‘എല്ലാവരെയും പരിഗണിക്കുന്നതില്‍ കേന്ദ്രം ഒരു സുതാര്യത ഉറപ്പു വരുത്തണം. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കു വാക്‌സിന്‍ അനുവദിക്കുന്നതില്‍ പ്രത്യേക താത്പര്യം പുലര്‍ത്തുന്നുണ്ടെന്നു ഞങ്ങള്‍ക്ക് അറിയാം,” ജയറാം രമേശ് പറഞ്ഞു.
കേന്ദ്രത്തിനു ഇതുവരെയും വാക്‌സിന്‍ എങ്ങനെ വിതരണം ചെയ്യണം, ഏത് രീതിയില്‍ ഏകോപിപ്പിക്കണം തുടങ്ങിയ കാര്യങ്ങളില്‍ ഒരു ധാരണയുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘ഒരു കൃത്യമായ മാപ്പ് ഇവിടെ തയ്യാറാക്കപ്പെട്ടിട്ടില്ല. ഏതൊക്കെയാണു വാക്‌സിനുകള്‍, വാക്‌സിനുകള്‍ എപ്പോഴൊക്കെയാണു വരുന്നത്, എങ്ങനെയാണു വാക്‌സിന്‍ വിതരണം ചെയ്യാന്‍ പോകുന്നത്, ഇതൊക്കെ ഒരു സഹകരണത്തോടെ നടക്കേണ്ടതാണ്. പക്ഷെ അത്തരം കാര്യങ്ങളെക്കുറിച്ചൊന്നും പ്രധാനമന്ത്രി പറഞ്ഞില്ല,’ ജയറാം രമേശ് പറഞ്ഞു.
ഈ വര്‍ഷം അവസാനത്തോടെ 100 കോടി ജനങ്ങളെ വാക്‌സിനേറ്റ് ചെയ്യാന്‍ 80 ലക്ഷം ഡോസ് വാക്‌സിന്‍ ഓരോ ദിവസവും എന്ന കണക്കിനു ഇവിടെ ഇറക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Congress response in reversed vaccine policy of central govt.