ഇത് കര്‍ഷക വിജയം; കരിനിയമങ്ങളെ പിന്തുണച്ചവര്‍ക്കും ഒടുക്കം മോദിയെ വിട്ട് പോകേണ്ടി വന്നിരിക്കുന്നു; ശിരോമണി അകാലിദളില്‍ കോണ്‍ഗ്രസ്
national news
ഇത് കര്‍ഷക വിജയം; കരിനിയമങ്ങളെ പിന്തുണച്ചവര്‍ക്കും ഒടുക്കം മോദിയെ വിട്ട് പോകേണ്ടി വന്നിരിക്കുന്നു; ശിരോമണി അകാലിദളില്‍ കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th September 2020, 9:25 am

ന്യൂദല്‍ഹി: കാര്‍ഷിക ബില്‍ പാസാക്കുന്നതില്‍ പ്രതിഷേധിച്ച് ശിരോമണി അകാലിദള്‍ എന്‍.ഡി.എ വിട്ടതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്. അവരുടെ മുന്നില്‍ കുനിഞ്ഞ് നിന്ന് ഒടുവില്‍ സഖ്യം വിടേണ്ടി വരുന്നത് കര്‍ഷകരുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

‘കരിനയമങ്ങളെ പിന്തുണയ്ക്കുന്ന അകാലിദളിനും ഇപ്പോള്‍ മോദി സര്‍ക്കാരുമായുള്ള ബന്ധം വിച്ഛേദിച്ച് എന്‍.ഡി.എ വിടേണ്ടതായി വന്നിരിക്കുകായണ്.

കര്‍ഷകരുടെ പടിവാതില്‍ക്കല്‍ അവര്‍ നമസ്‌കരിക്കണമായിന്നെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഹര്‍സിമ്രത് കൗര്‍ കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് കാര്‍ഷിക ഓര്‍ഡിനന്‍സുകളെ സംബന്ധിച്ച് ഒരു ചാനലില്‍ നടത്തിയ അഭിമുഖത്തിന്റെ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് സുര്‍ജെവാല ട്വീറ്റ് ചെയ്തത്.

ബി.ജെ.പിയുമായുള്ള സഖ്യത്തില്‍ നിന്ന് വിട്ട് പോകുന്ന മൂന്നാമത്തെ പ്രധാന പാര്‍ട്ടിയാണ് ശിരോമണി അകാലിദള്‍.

എം.എസ്.പിയില്‍ കര്‍ഷകരുടെ വിളകളുടെ വിപണനം ഉറപ്പാക്കുന്നതിന് നിയമപരമായ നിയമനിര്‍മ്മാണത്തിന് ഉറപ്പ് നല്‍കാന്‍ കേന്ദ്രം വിസമ്മതിച്ചതിനാലാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യത്തില്‍ നിന്ന് പിന്മാറാന്‍ ശിരോമണി അകാലിദള്‍ തീരുമാനിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് നേരത്തെ ഹര്‍സിമത്ര് കൗര്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.

പഞ്ചാബ്, സിഖ് വിഷയങ്ങളില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നിരന്തരം അവഗണന കാണിക്കുന്നെന്നും അകാലിദള്‍ പറഞ്ഞു.

എന്‍.ഡി.എ യില്‍ തുടരണോ വേണ്ടയോ എന്ന കാര്യം പരിശോധിക്കുമെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ സുഖ്ബീര്‍ ബാദല്‍ ഹര്‍സിമ്രതിന്റെ രാജിക്ക് പിന്നാലെ പറഞ്ഞിരുന്നു.

കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ ആദ്യം തൊട്ടുതന്നെ ഹര്‍സിമ്രതിന് വിയോജിപ്പുണ്ടായിരുന്നെന്നും കര്‍ഷകരോട് കൂടിയാലോചന നടത്താതെയായിരുന്നു കേന്ദ്രത്തിന്റെ നീക്കമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പഞ്ചാബ് തെരഞ്ഞെടുപ്പിന് ഏറെ ദൂരം ബാക്കിയില്ലെന്നിരിക്കെയാണ് അകാലിദള്‍ സഖ്യം വിടുന്നത്.

നേരത്തെ ശിവസേനയും എന്‍.ഡി.എ വിട്ടിരുന്നു. അകാലിദള്‍ സഖ്യത്തില്‍ നിന്ന് പുറത്തുപോയാല്‍ ബി.ജെ.പിക്കത് ചെറുതല്ലാത്ത തിരിച്ചടി തന്നെയാകും നല്‍കാന്‍ പോകുന്നത്. ശിവസേനയും അകാലിദളും എന്‍.ഡി.എയുടെ അവിഭാജ്യഘടകമാണ്.

ഡൂള്‍ന്യൂസിനെ, ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Congress response after Siromani Akalidal left out NDA