| Friday, 8th March 2024, 7:09 pm

ബാങ്ക് അക്കൗണ്ടുകള്‍ക്കെതിരായ ആദായനികുതി വകുപ്പിന്റെ നടപടി തടയണം; കോണ്‍ഗ്രസിന്റെ ആവശ്യം തള്ളി അപ്പലേറ്റ് ട്രിബ്യൂണല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബാങ്ക് അക്കൗണ്ടുകള്‍ക്കെതിരായ ആദായനികുതി വകുപ്പിന്റെ നടപടി തടയണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം തള്ളി ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിധി കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി.

ആദായ നികുതി വകുപ്പിന്റെ ഉത്തരവ് പത്ത് ദിവസത്തേക്ക് നിര്‍ത്തിവെക്കണമെന്ന് അഭിഭാഷകന്‍ വിവേക് തന്‍ഖ ആവശ്യപ്പെട്ടെങ്കിലും ട്രിബ്യൂണല്‍ ആവശ്യം നിരസിക്കുകയായിരുന്നു. എന്നാല്‍ വിധിക്കെതിരെ ദല്‍ഹി ഹൈക്കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

‘ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ ഉത്തരവില്‍ ഞങ്ങള്‍ നിരാശരാണ്. ഞങ്ങള്‍ ഉടന്‍ ഹൈക്കോടതിയെ സമീപിക്കും’,വിവേക് തന്‍ഖ പറഞ്ഞു.

ഫെബ്രുവരി 16നാണ് കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ഉള്‍പ്പടെ പാര്‍ട്ടിയുടെ ഒമ്പത് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചത്. പിന്നാലെ കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അപ്പലറ്റ് ട്രിബ്യൂണല്‍ ആണ് അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചത്.

അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചെങ്കിലും 65 കോടി രൂപ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചതായി കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ ആരോപിച്ചിരുന്നു. കേന്ദ്ര ഏജന്‍സികളെ ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ്, പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തടസപ്പെടുത്തലാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും ആരോപിച്ചു.

Content Highlight:  Congress Request To Stop Action Against Its Bank Accounts Rejected

We use cookies to give you the best possible experience. Learn more