Gujrath Election
ഗുജറാത്ത് തെരഞ്ഞെടുപ്പ്; വിവിപാറ്റ് എണ്ണണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം സുപ്രീം കോടതി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Dec 15, 10:19 am
Friday, 15th December 2017, 3:49 pm

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിവി പാറ്റ് എണ്ണണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. വോട്ടിനൊപ്പം 20 ശതമാനം വി.പി പാറ്റും (വോട്ട് രസീതുകളും) എണ്ണണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസ് കോടതിയെ സമീപിച്ചത്.

എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരത്തില്‍ കൈകടത്താന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി തള്ളുകയായിരുന്നു. 10 ശതമാനമെങ്കിലും എണ്ണണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു.

ഗുജറാത്ത് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനു തൊട്ടുപിന്നാലെയാണ് വിവിപാറ്റ് എണ്ണണമെന്ന ആവശ്യം കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്.

വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്താമെന്ന് പറയുന്നതിനുള്ള വിശദീകരണവും തെളിവും എന്താണെന്നായിരുന്നു കോടതിയുടെ ചോദ്യം.

സുപ്രീംകോടതിയില്‍ ഗുജറാത്ത് പി.സി.സി സെക്രട്ടറി വ്യക്തിപരമായി ഹര്‍ജി നല്‍കിയതിനെയും കോടതി വിമര്‍ശിച്ചു. എന്തുകൊണ്ടാണ് പാര്‍ട്ടികള്‍ നേരിട്ട് ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കാത്തതെന്നായിരുന്നു കോടതിയുടെ ചോദ്യം.

നിലവിലെ ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിച്ച കോടതി, കോണ്‍ഗ്രസിന് പിന്നീട് തിരഞ്ഞെടുപ്പ് പരിഷ്‌കരണ ഹര്‍ജി നല്‍കാമെന്നും അറിയിച്ചു
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് കാണിക്കുന്ന രസീത് ലഭിക്കുന്ന സംവിധാനമാണ് വിവിപാറ്റ്.