ന്യൂദൽഹി: ഛത്തീസ്ഗഢിൽ രണ്ടാമത്തെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. 53 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തുവന്നത്. ആകെയുള്ള 90 സീറ്റുകളിൽ ഇനി ഏഴ് സീറ്റുകളിലേക്ക് കൂടിയാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്.
30 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക കഴിഞ്ഞ ഞായറാഴ്ച കോൺഗ്രസ് പുറത്തുവിട്ടിരുന്നു.
എസ്.സി, എസ്.ടി വിഭാഗങ്ങളിലായി 20 സ്ഥാനാർത്ഥികൾ പട്ടികയിൽ ഇടംനേടി. രണ്ടാം പട്ടികയിൽ 10 സ്ത്രീകളുമുണ്ട്.
നേരത്തെ വന്ന പട്ടികയിൽ ചത്തീസ്ഗഢ് ഉപമുഖ്യമന്ത്രി ടി.എസ്. സിംഗ് ദിയായെ അദ്ദേഹത്തിന്റെ കോട്ടയായ അംബികപൂരിൽ നിലനിർത്തി. ഭൂപേഷ് ബാഗേൽ പടാനിൻ നിന്ന് മത്സരിക്കും. ഛത്തീസ്ഗഢിൽ പ്രഖ്യാപിച്ച 30 സ്ഥാനാർത്ഥികളിൽ 16 പേർ എസ്.ടി വിഭാഗത്തിൽ നിന്നാണ്. കൂടാതെ പട്ടികയിൽ മൂന്ന് സ്ത്രീകളും ഉൾപ്പെട്ടിരുന്നു.
നിലവിൽ റായ്പൂർ സിറ്റി വെസ്റ്റിൽ നിന്നുള്ള എം.എൽ.എ വികാസ് ഉപാധ്യായ് അവിടെ നിന്ന് തന്നെ മത്സരിക്കും. പങ്കജ് ശർമ റായ്പൂർ റൂറലിൽ നിന്ന് മത്സരിക്കുമ്പോൾ റായ്പൂർ സിറ്റി സൗത്തിൽ നിന്ന് മഹാന്ത് റാം സുന്ദർ ദാസ് മത്സരിക്കും.
മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി മോത്തിലാൽ വോറയുടെ മകൻ അരുൺ വോറ ദുർഗാ സിറ്റിയിൽ നിന്ന് മത്സരിക്കും.
രണ്ട് ഘട്ടങ്ങളിലായി നവംബർ ഏഴ്, 17 തീയ്യതികളിലാണ് ഛത്തീസ്ഗഢിൽ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു നാല് സംസ്ഥാനങ്ങൾക്കൊപ്പം ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ.
Content Highlight: Congress Releases Second List Of 53 Candidates In Chhattisgarh