ന്യൂദല്‍ഹി: ചത്തീസ്ഗഢിലും, രാജസ്ഥാനിലും, മധ്യപ്രദേശിലും മുഖ്യമന്ത്രിയെ ഇനിയും പ്രഖ്യാപിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള അഴിമതി ആരോപണങ്ങള്‍ തുറന്നു കാണിച്ച് കോണ്‍ഗ്രസിന്റെ പുതിയ ഓണ്‍ലൈന്‍ ഗെയിം. കറപ്റ്റ് മോദി എന്ന് പേരായ ഈ ഗെയിമില്‍ മോദിയുടെ പേരിലുള്ള ഏറ്റവും ചര്‍ച്ചയായ 12 അഴിമതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
“രാജസ്ഥാനിലെയും, മധ്യപ്രദേശിലേയും, ചത്തീസ്ഗഢിലേയും മുഖ്യമന്ത്രിമാര്‍ ആരെന്ന് കാത്തിരിക്കുന്നതിനിടെ ഞങ്ങള്‍ കണ്ടെത്തിയ ഈ ഗെയിം കളിച്ച് നോക്കൂ” എന്ന കുറിപ്പോടെയാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഗെയിം പുറത്തു വിട്ടത്.
24 കാര്‍ഡുകളിലായി മോദിയുടെ പേരിലുള്ള 12 അഴിമതി ആരോപണങ്ങള്‍. ഒരു അഴിമതിയുടെ പേര് രണ്ടു കാര്‍ഡുകളില്‍ ഉണ്ടാവും. ഈ രണ്ടു കാര്‍ഡുകളും പരസ്പരം ഒപ്പിക്കുക. ഇതാണ് ഗെയിം.
ഡിസംബര്‍ 7ന് അഞ്ചു സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 3 സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ ബി.ജെ.പിക്ക് നഷ്ടമായത് അവരുടെ ശക്തികേന്ദ്രങ്ങളായിരുന്നു. എന്നാല്‍ ഈ മൂന്ന് സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാര്‍ ആരാണെന്ന് ഇനിയും പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളു.
രാജസ്ഥാനില്‍, സച്ചിന്‍ പൈലറ്റും അശോക് ഗെഹ്ലോട്ടുമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. മധ്യപ്രദേശില്‍ കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയുമാണ് പരിഗണനയിലുള്ളത്. ഛത്തീസ്ഗഢില്‍ ഭൂപേഷ് ബാഗേല്‍, ടി.എസ് സിങ് ദിയോ, തംരദ്ധ്വാജ് സാഹു എന്നിവരുടെ പേരുകളാണ് ഉയരുന്നത്.
രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ദല്‍ഹിയിലെ ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി ഹെഡ്ക്വാട്ടേഴ്സിനു മുമ്പിലാണ് പ്രതിഷേധം നടന്നിരുന്നു.
സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇതിനിടയ്ക്ക് രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തി മുഖ്യമന്ത്രി പദത്തെക്കുറിച്ചുള്ള ചര്‍ച്ചയിലാണ്. അതേസമയം രാഹുല്‍ ഗാന്ധിയുടേയും സോണിയാ ഗാന്ധിയുടേയും നിര്‍ദേശം അനുസരിക്കുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സച്ചിന്‍ പൈലറ്റും അശോക് ഗെഹ്‌ലോട്ടും.
റഫേല്‍ കരാര്‍, വിജയ് മല്ല്യ, നീരവ് മോദി, ജയ് ഷാ അഴിമതി തുടങ്ങിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കോണ്‍ഗ്രസ് ബി.ജെ.പിക്കെതിരെ ഉയര്‍ത്തിക്കാട്ടിയ അഴിമതി ആരോപണങ്ങളാണ് പ്രധാനമായും ഗെയിമില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
ഗെയിം ഇവിടെ കളിക്കാം- https://www.corruptmodi.com/match/