| Thursday, 3rd October 2019, 8:56 am

ഒടുവില്‍ ഹരിയാനയില്‍ തീരുമാനമായി; 84 സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തര്‍ക്കങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ഹരിയാന നിയമസഭാ തെരഞ്ഞടുപ്പ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 84 പേരുടെ ലിസ്റ്റാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. ഒരാളൊഴികെ ബാക്കി എല്ലാ സിറ്റിങ് എം.എല്‍.എമാരും മത്സരിക്കുന്നുണ്ട്.

മുന്‍ മുഖ്യമന്ത്രി ഭൂപിന്ദര്‍ ഹൂഡ അദ്ദേഹത്തിന്റെ മണ്ഡലമായ ഗര്‍ഹി സംപ്ല കിലോയയില്‍ തന്നെയാണ് ജനവിധി തേടുക. പര്‍ട്ടിയുടെ മുഖ്യ വക്താവ് റണ്‍ദീപ് സുര്‍ജേവാല കൈതാള്‍ മണ്ഡലത്തിലും മത്സരത്തിനിറങ്ങും.

അന്തരിച്ച മുന്‍മുഖ്യമന്ത്രി ഭജന്‍ ലാലിന്റെ മക്കളായ കുല്‍ദീപ് വിഷ്‌ണോയിയും സഹോദരനും ഉപമുഖ്യമന്ത്രിയുമായ ചന്ദര്‍ മോഹനുമാണ് യഥാക്രമം ഹിസാറിലും പഞ്ച്കുളയിലും മത്സരിക്കുന്നത്.

ഭന്‍സിലാലിന്റെ മകനും മരുമകളും ഇത്തവണ കളത്തിലിറങ്ങുന്നുണ്ട്. മകന്‍ റണ്‍വീര്‍ മഹീന്ദ്ര ബാദ്രയിലും മരുമകള്‍ കിരണ്‍ ചൗധരി തോഷം സീറ്റിലുമാണ് ജനവിധി തേടുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുന്‍ നിയമസഭാ സ്പീക്കറായിരുന്ന കുല്‍ദീപ് ശര്‍മ്മയെ ഗണൗറില്‍ നിര്‍ത്താനാണ് പാര്‍ട്ടി തീരുമാനം. മുന്‍ മന്ത്രി ഗീതാ ഭു്കല്‍ ജജ്ജാര്‍ സംവരണ സീറ്റില്‍ മത്സരിക്കും. മുന്‍ മന്ത്രി ആനന്ദ് സിങിനെ അദ്ദേഹത്തിന്റെ മണ്ഡലമായ മേഹമിലേക്കാണ് നിശ്ചയിച്ചിരിക്കുന്നത്.

ഹരിയാന കോണ്‍ഗ്രസ് നേതാവ് ശെല്‍ജയുടെയും മുന്‍ സംസ്ഥാന യൂണിറ്റ് നേതാവ് അശോക് തന്‍വാറിന്റെയും പേരുകള്‍ ആദ്യ പട്ടികയിലിടം നേടിയിട്ടില്ല.

ഒക്ടോബര്‍ 21 നാണ് തെരഞ്ഞെടുപ്പ്. ഒക്ടോബര്‍ 24നാണ് ഫലപ്രഖ്യാപനം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചെന്നും അനര്‍ഹര്‍ക്ക് സീറ്റ് നല്‍കിയെന്നും ആരോപിച്ച് പ്രവര്‍ത്തകര്‍ സോണിയ ഗാന്ധിയുടെ വസതിയ്ക്ക് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു. ഹരിയാന കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ അശോക് തന്‍വാറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

എ.സി മുറികളില്‍ നിന്ന് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവര്‍ക്കാണ് സീറ്റ് നല്‍കിയതെന്നും കഴിഞ്ഞ അഞ്ച് വര്‍ഷം പാര്‍ട്ടിയ്ക്കായി അധ്വാനിച്ചവരെ തഴഞ്ഞെന്നും പ്രതിഷേധക്കാര്‍ എ.എന്‍.ഐയോട് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി നിര്‍ദ്ദേശം അവഗണിച്ചവര്‍ക്കും സീറ്റ് നല്‍കിയെന്നും പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more