| Tuesday, 2nd May 2023, 3:11 pm

ബജ്റംഗ്ദളിനും പോപ്പുലര്‍ ഫ്രണ്ടിനുമെതിരെ നടപടി, മുസ്‌ലിം സംവരണം പുനസ്ഥാപിക്കും; കര്‍ണാടക തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. കര്‍ണാടകയില്‍ അധികാരത്തിലെത്തി ഒരു വര്‍ഷത്തിനുള്ളില്‍ ബി.ജെ.പി നടപ്പാക്കിയ എല്ലാ ജനവിരുദ്ധ നിയമങ്ങളും റദ്ദാക്കുമെന്ന് പത്രികയില്‍ കോണ്‍ഗ്രസ് പറയുന്നു.

ജാതിയുടെയും മതത്തിന്റെയും പേരില്‍ വിദ്വേഷം പടര്‍ത്തുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ കടുത്ത നിലപാടെടുക്കും. ബജ്‌റംഗ്ദള്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തുടങ്ങിയ സംഘടന നിരോധിക്കുന്നത് ഉള്‍പ്പെടെയുളള നിയമാനുസൃതമായ നടപടികളിലേക്ക് കോണ്‍ഗ്രസ് കടക്കുമെന്നും പത്രിക വായിച്ചു കൊണ്ട് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

‘ഭരണഘടന പവിത്രമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അത് വ്യക്തികള്‍ക്കോ ബജ്റംഗ്ദള്‍, പി.എഫ്.ഐ പോലുളള സംഘടനകള്‍ക്കോ മറ്റു വിദ്വേഷം പടര്‍ത്തുന്നവര്‍ക്കോ ഭൂരിപക്ഷത്തിനോ ന്യൂനപക്ഷത്തിനോ ലംഘിക്കാനുളളതല്ല’ പത്രികയില്‍ പറയുന്നു.

‘സര്‍വ ജനന്‍ഗദ ശാന്തിയ തോട്ട’ എന്നു പേരിട്ടിരിക്കുന്ന പത്രിക മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ബംഗളൂരുവില്‍ പുറത്തിറക്കിയത്. കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍, കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകടന പത്രിക പുറത്തിറക്കിയത്.

എല്ലാ വീടുകളിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, കര്‍ഷക ക്ഷേമം, തൊഴില്‍ രഹിതരായ യുവാക്കള്‍ക്കുളള പിന്തുണ, വീട്ടമ്മമാര്‍ക്കും, ബിരുദധാരികള്‍ക്കും പ്രതിമാസ സഹായം എന്നിവയാണ് ഏറ്റവും ശ്രദ്ധേയമായ വാഗ്ദാനങ്ങള്‍. ഈ വാഗ്ദാനങ്ങള്‍ അധികാരത്തിലെത്തിയാല്‍ ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ തന്നെ നടപ്പില്‍ വരുത്തുമെന്നും കോണ്‍ഗ്രസ് ഉറപ്പ് നല്‍കി.

ബി.ജെ.പി റദ്ദാക്കിയ മുസ്‌ലിം സംവരണം പുനഃസ്ഥാപിക്കുമെന്നും സംവരണ പരിധി ഉയര്‍ത്തുമെന്നുമാണ് കോണ്‍ഗ്രസ് നല്‍കുന്ന പ്രധാന വാഗ്ദാനം. അന്‍പത് ശതമാനം സംവരണ പരിധി എഴുപത് ശതമാനമായി ഉയര്‍ത്തും. ലിംഗായത്ത്, വൊക്കലിഗ സംവരണം ഉയര്‍ത്തും, എസ്.സി സംവരണം പതിനഞ്ചില്‍ നിന്നും നിന്ന് പതിനേഴായും എസ്.ടി സംവരണം മൂന്നില്‍ നിന്ന് ഏഴ് ശതമാനമായും ഉയര്‍ത്തുമെന്നാണ് മറ്റുള്ള വാഗ്ദാനങ്ങള്‍.

തൊഴില്‍രഹിതരായ എല്ലാ സ്ത്രീകള്‍ക്കും 2000 രൂപ പ്രതിമാസ ഓണറേറിയം, എല്ലാ ബി.പി.എല്‍ കുടുംബങ്ങള്‍ക്കും ഓരോ മാസവും 10 കിലോ അരി, റാഗി, ഗോതമ്പ്, അധികാരത്തില്‍ വന്ന് ആദ്യത്തെ 2 വര്‍ഷം എല്ലാ തൊഴില്‍രഹിതരായ ഡിഗ്രിയുള്ള യുവതീ യുവാക്കള്‍ക്ക് പ്രതിമാസം 3000 രൂപയും ഡിപ്ലോമ ഉള്ളവര്‍ക്ക് 1500 രൂപയും, എല്ലാ സ്ത്രീകള്‍ക്കും കെ.എസ്.ആര്‍.ടി.സി, ബി.എം.ടി.സി ബസ്സുകളില്‍ സൗജന്യ യാത്ര എന്നിവയും പത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്.

We use cookies to give you the best possible experience. Learn more