ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം സംബന്ധിച്ച് കൂടുതല്‍ രേഖകള്‍ പുറത്ത് വിട്ട് കോണ്‍ഗ്രസ്. ആഭ്യന്തരമന്ത്രാലയം നോട്ടീസ് അയച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് രേഖകള്‍ പുറത്ത് വിട്ടത്.
രേഖകളില്‍ രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം വളരെ വ്യക്തമാക്കുന്നതാണെന്ന് കോണ്‍ഗ്രസിന്റെ മാധ്യമ ഉപദേഷ്ടാവ് രചിത് സേത് ട്വിറ്ററില്‍ കുറിച്ചു.
‘Certificate of Incorporation of Backops രേഖകളില്‍ രാഹൂല്‍ഗാന്ധി ഇന്ത്യന്‍ പൗരത്വം വളരെ വ്യക്തമാക്കുന്നതാണ്. ബി.ജെ.പി ഇത് 2015 ലും ചെയ്തിട്ടുണ്ട്. അത് മോദി നാലാംഘട്ട തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും ഉയര്‍ത്തികാട്ടുകയാണ്.’ രചിത് സേത് തെളിവുകള്‍ ട്വീറ്റ് ചെയ്തുകൊണ്ട് പറഞ്ഞു.
ബി.ജെ.പി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് രാഹുലിന് മന്ത്രാലയം നോട്ടീസയച്ചത്. 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസിലെ ആവശ്യം. രാഹുലുമായി ബന്ധമുള്ള ഒരു ബ്രിട്ടീഷ് കമ്പനിയില്‍ അദ്ദേഹത്തെക്കുറിച്ച് നല്‍കിയിരിക്കുന്ന വിവരത്തില്‍ ബ്രിട്ടീഷ് പൗരനാണെന്നാണുള്ളതെന്ന് സ്വാമി ആരോപിച്ചിരുന്നു.
‘രാജ്യത്തിനു മുഴുവനറിയാം രാഹുല്‍ ഒരു ഹിന്ദുസ്ഥാനിയാണെന്ന്. അദ്ദേഹം ജനിച്ചതും വളര്‍ന്നതും ഇവിടെയാണെന്നും എല്ലാവര്‍ക്കുമറിയാം.’- അമേഠിയില്‍ രാഹുലിനുവേണ്ടി പ്രചാരണം നടത്തവേ പ്രിയങ്ക മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
2003-ല്‍ ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ബാക്കോപ്സ് എന്ന കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളും സെക്രട്ടറിയും രാഹുലാണെന്നു സ്വാമി പരാതിയില്‍ പറയുന്നു.