ഗാന്ധിനഗര്‍: തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഗുജറാത്തില്‍ ബി.ജെ.പിക്കെതിരെ ചാര്‍ജ്ഷീറ്റ് പുറത്തുവിട്ട് കോണ്‍ഗ്രസ്. ഗുജറാത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ഭരത് സിന്‍ഹ് സോളങ്കിയാണ് സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെതിരെ ചാര്‍ജ്ഷീറ്റ് പുറത്തുവിട്ടത്.
21 പ്രശ്‌നങ്ങളാണ് ചാര്‍ജ്ഷീറ്റില്‍ കോണ്‍ഗ്രസ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സാമ്പത്തികനടപടികളിലെ അപാകതകള്‍, സംസ്ഥാനത്തിന്റെ കടബാധ്യത വര്‍ധിപ്പിച്ചത്, തൊഴിലില്ലായ്മ, ക്രോണി ക്യാപിറ്റലിസം, കൊവിഡ് മഹാമാരി പ്രതിരോധിക്കുന്നതില്‍ വന്ന അപാകതകള്‍, സ്ത്രീകളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹ്യസ്ഥിതിയില്‍ വന്ന തകര്‍ച്ച തുടങ്ങിയവയാണ് ഇതില്‍ ചിലത്.
‘ബി.ജെ.പി സര്‍ക്കാര്‍ ഗവണ്‍മെന്റ് ജോലികള്‍ നല്‍കുന്നില്ല. ഒരു സര്‍ക്കാര്‍ സ്‌കൂള്‍ പോലും അവര്‍ പണിതിട്ടില്ല. മാത്രമല്ല, 6500 സ്‌കൂളുകള്‍ അടച്ചുപൂട്ടുകയും ചെയ്തു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ് ഗുജറാത്തില്‍ ഇന്ന് കാണുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളും മെഡിക്കല്‍ കോളേജുകളും പണിതത്.
ഇവിടെ സ്ത്രീകള്‍ കടുത്ത അരക്ഷിതാവസ്ഥയിലാണ്. വിലക്കയറ്റം നാള്‍ക്കുനാള്‍ ഉയരുന്നു. വിദ്യാഭ്യാസം കച്ചവടം മാത്രമായിരിക്കുന്നു. തൊഴിലില്ലായ്മ ദിനംപ്രതി കൂടുന്നു. ഇതൊക്കെയാണ് 27 വര്‍ഷത്തെ ബി.ജെ.പിയുടെ കുത്തഴിഞ്ഞ ഭരണം കൊണ്ട് ഈ നാട്ടിലുണ്ടായത്,’ സോളങ്കി പറഞ്ഞു.
1995 മുതല്‍ ബി.ജെ.പി ഭരണത്തില്‍ തുടരുന്ന ഗുജറാത്തില്‍ ഇത്തവണ വലിയ വെല്ലുവിളിയാണ് പാര്‍ട്ടി നേരിടുന്നത്. ഏത് വിധേനയും ഇത്തവണയും അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി.
ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതിനിടയില്‍ ഇരുവര്‍ക്കും പകരം പുതിയ ബദല്‍ കൊണ്ടുവരാനുള്ള വാഗ്ദാനങ്ങളുമായി ആം ആദ്മി പാര്‍ട്ടിയും സജീവമായി രംഗത്തുണ്ട്.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 99 സീറ്റുകള്‍ ബി.ജെ.പിയും 77 സീറ്റുകള്‍ കോണ്‍ഗ്രസും ആറ് സീറ്റുകള്‍ മറ്റു കക്ഷികളുമാണ് നേടിയത്. 2023 ഫെബ്രുവരി 18 വരെയാണ് ഗുജറാത്ത് നിയസഭയുടെ കാലാവധി.
അതേസമയം, വരുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ആം ആദ്മി പാര്‍ട്ടി സംസ്ഥാനത്ത് പരസ്യങ്ങള്‍ ഉപയോഗിച്ച് കോലാഹലമുണ്ടാക്കുക മാത്രമാണ് ചെയ്യുന്നത്. താഴെ തട്ടില്‍ അവര്‍ക്ക് യാതൊരു പിന്തുണയുമില്ല. സംസ്ഥാനത്ത് ബി.ജെ.പി സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികവോടെ മത്സരിക്കും. ആം ആദ്മി പാര്‍ട്ടി മുകള്‍ത്തട്ടില്‍ മാത്രമേയുള്ളൂ. താഴെത്തട്ടിലില്ല. ഗുജറാത്തില്‍ കോണ്‍ഗ്രസ് ശക്തമായ പാര്‍ട്ടിയാണ്,’ എന്നാണ് രാഹുല്‍ പറഞ്ഞത്.
അതിനിടെ, ഗുജറാത്ത് പിടിക്കാന്‍ പയറ്റി വിജയിച്ച തന്ത്രവുമായി അരവിന്ദ് കെജ്‌രിവാളും
രംഗത്തെത്തുണ്ട്. ഗുജറാത്തിലെ പ്രശസ്തനായ മാധ്യമപ്രവര്‍ത്തകന്‍ ഇസുദന്‍ ഗദ്‌വിയെയാണ് കെജ്‌രിവാള്‍
ഗുജറാത്തിനെ നയിക്കാന്‍ ഉയര്‍ത്തിക്കാണിച്ചിരിക്കുന്നത്.
പാര്‍ട്ടിയില്‍ നിന്നുള്ള മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായി നടത്തിയ ‘ചൂസ് യുവര്‍ സി.എം’ ക്യാമ്പെയ്‌നിന്റെ ഭാഗമായുള്ള വോട്ടിങ്ങിലൂടെയാണ് ഗദ്‌വിയെ നിശ്ചയിച്ചത്. വോട്ടെടുപ്പില്‍ പങ്കെടുത്ത 16 ലക്ഷം പേരില്‍ 73% ആളുകളും ഗദ്‌വിയുടെ പേര് നിര്‍ദേശിച്ചതായാണ് കെജ്‌രിവാള്‍ പറഞ്ഞത്.
രണ്ട് ഘട്ടമായാണ് ഗുജറാത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒന്നിനും, രണ്ടാം ഘട്ടം ഡിസംബര്‍ ആഞ്ചിനുമാണ് നടക്കുക. വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിനാണ് നടക്കുക.ഗുജറാത്തില്‍ 182 നിയമസഭാ സീറ്റുകളാണുള്ളത്. മൊത്തം 4.9 കോടി വോട്ടര്‍മാരില്‍, 3,24,420 കന്നിവോട്ടര്‍മാരുമുണ്ട്.
ഡിസംബര്‍ ഒന്നിന് നടക്കുന്ന ആദ്യഘട്ട തെരഞ്ഞടുപ്പില്‍ 89 മണ്ഡലങ്ങളിലും, ഡിസംബര്‍ അഞ്ചിന് നടക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 93 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുക.
Content Highlight: Congress releases chargesheet against BJP in Gujarat