ശ്രീനഗര്‍: ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പില്‍ പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. കര്‍ഷകര്‍, സ്ത്രീകള്‍, യുവാക്കള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കികൊണ്ടുള്ള ക്ഷേമപദ്ധതികളാണ് പത്രികയിലുള്ളത്. കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര, പി.സി.സി അധ്യക്ഷന്‍ താരിഖ് ഹമീദ് കാരയും ചേര്‍ന്നാണ് പത്രിക പുറത്തിറക്കിയത്.
ഹാത്ത് ബദ്‌ലേഗാ ഹലാത് എന്ന പേരിലാണ് കോണ്‍ഗ്രസ് പ്രകടന പത്രിക. പ്രകൃതി ദുരന്തത്തിനിരയായ എല്ലാ വിളകള്‍ക്കും ഇന്‍ഷുറന്‍സ്, ആപ്പിളിന് താങ്ങുവില തുടങ്ങിയ വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്.
സ്വന്തമായി ഭൂമിയുള്ള കര്‍ഷക കുടുംബങ്ങള്‍ക്കും ഭൂരഹിതര്‍ക്കും പ്രതിവര്‍ഷം 4000 രൂപ അധിക സാമ്പത്തിക സഹായം നല്‍കുമെന്ന് പവന്‍ ഖേര പറഞ്ഞു. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഭൂരഹിതരായ കര്‍ഷകര്‍ക്ക് 99 വര്‍ഷത്തെ പാട്ടം നല്‍കുമെന്നും ഖേര വ്യക്തമാക്കി.
യോഗ്യതാ മാനദണ്ഡങ്ങള്‍ പ്രകാരം യുവാക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് പ്രതിമാസം 3500 രൂപ വരെ തൊഴിലില്ലായ്മ വേതനം നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. കര്‍ഷകര്‍ക്ക് 100 ശതമാനം ജലസേചനം ഉറപ്പാക്കാന്‍ എല്ലാ ജില്ലകളിലും ജലസേചന പദ്ധതി നടപ്പിലാക്കും. അതിനായി 2500 കോടി രൂപ ഫണ്ട് രൂപീകരിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.
അധികാരത്തിലേറി 30 ദിവസത്തിനകം തൊഴില്‍ കലണ്ടര്‍ പുറത്തിറക്കും. ഒഴിവുള്ള ഒരു ലക്ഷം സര്‍ക്കാര്‍ തസ്തികകളിലേക്കുള്ള നിയമനം പൂര്‍ത്തിയാക്കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു.
അതേസമയം കഴിഞ്ഞ പത്ത് വര്‍ഷമായി ജമ്മു കശ്മീരിന്റെ ഹൃദയത്തിന് മുറിവേറ്റിട്ടുണ്ടെന്നും ഈ മുറിവുകളെ ഉണക്കാനുള്ള സമയമാണിതെന്നും പവന്‍ ഖേര പറഞ്ഞു. അധികാരത്തിലേറി 100 ദിവസത്തിനകം ജമ്മു കശ്മീരില്‍ ന്യൂനപക്ഷ കമ്മീഷന്‍ രൂപീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് മൂന്ന് ഘട്ടങ്ങളിലായി 2024 സെപ്തംബര്‍ 18 മുതല്‍ ഒക്ടോബര്‍ ഒന്ന് വോട്ടെടുപ്പ് നടക്കും. 2024 ഒക്ടോബര്‍ എട്ടിന് ഫലം പ്രഖ്യാപിക്കും. 90 നിയമസഭാ അംഗങ്ങള്‍ക്കായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കോണ്‍ഗ്രസ് ജമ്മുവില്‍ നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യം ചേര്‍ന്നിരുന്നു. എന്നാല്‍ ഐ.എന്‍.സി-എന്‍.സി സഖ്യത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ജമ്മു കശ്മീരിലെത്തിയ അമിത് ഷാ ആര്‍ട്ടിക്കിള്‍ 370 ഒരു കാരണവശാലും പുനഃസ്ഥാപിക്കപ്പെടില്ലെന്നും പറഞ്ഞിരുന്നു.
നിലവില്‍ ജമ്മു കശ്മീരില്‍ ആദ്യഘട്ട പ്രചരണം അവസാനിച്ചിരിക്കുകയാണ്. മുന്‍ തെരഞ്ഞെടുപ്പുകളെ കണക്കിലെടുത്ത് ജമ്മു കശ്മീരില്‍ സുരക്ഷാ വര്‍ധിപ്പിച്ചിട്ടുണ്ട്.
Content Highlight: Congress released manifesto in Jammu kashmir