| Sunday, 7th April 2019, 2:36 pm

അബ് ഹോഗാ ന്യായ്; ജാവേദ് അക്തറിന്റെ വരികളില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഗാനം ഒരുങ്ങി- വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രശസ്ത ബോളിവുഡ് കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ എഴുതിയ കോണ്‍ഗ്രസിന്റെ പുതിയ തെരഞ്ഞെടുപ്പ് പ്രചരണ വീഡിയോ പുറത്തിറങ്ങി. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായ അബ് ഹോഗാ ന്യായ് എന്നാണ് പ്രചരണ ഗാനത്തിനും നല്‍കിയിരിക്കുന്ന പേര്.

60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഗാനം 2014ല്‍ അധികാരത്തിലേറിയ ബി.ജെ.പി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പില്‍ വരുത്തുന്നതിലെ പരാജയത്തെ തുറന്നു കാട്ടുകയാണ്. നോട്ടു നിരോധനവും കര്‍ഷക പ്രശ്നങ്ങളും സ്ഥലങ്ങളുടെ പേരിലെ ഹിന്ദിവത്കരണവും വീഡിയോയില്‍ വിമര്‍ശനത്തിന് വിധേയമാവുന്നുണ്ട്.

ഏറെ ആഘോഷിക്കപ്പെട്ട, കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിയെ മുന്‍ നിര്‍ത്തിയാണ് “അബ് ഹോഗാ ന്യായ്” എന്ന തെരഞ്ഞെടുപ്പ് മുദ്രാവാക്യം കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്. ന്യായ് പദ്ധതിയെ മുന്‍നിര്‍ത്തിയായിരിക്കും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുക എന്ന വ്യക്തമായ സന്ദേശമാണ് കോണ്‍ഗ്രസ് പുതിയ മുദ്രാവാക്യത്തിലൂടെ നല്‍കുന്നത്.

നിരവധി ആന്തരിക സര്‍വേകള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് പാര്‍ട്ടി പ്രസ്തുത മുദ്രാവാക്യത്തിലേക്കെത്തിയതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. “ചര്‍ച്ചകളില്‍ നിന്നും ന്യായ് പദ്ധതി മിക്ക സംസ്ഥാനങ്ങളിലും ശക്തമായ അഭിപ്രായം സൃഷ്ടിച്ചു എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറയുന്നു. എന്നാല്‍ അതിനെക്കുറിച്ച് വീണ്ടും സംസാരിക്കേണ്ടിയിരിക്കുന്നു. അതിനെക്കുറിച്ച് കൂടുതല്‍ ആശയവിനിമയം നടക്കേണ്ടതുണ്ട്”- എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Also Read അബ് ഹോഗാ ന്യായ്; കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് മുദ്രാവാക്യമായി

രാഹുല്‍ ഗാന്ധിയെ മാത്രം കേന്ദ്രീകരിച്ച് പ്രചരണം നടത്താനാണ് പദ്ധതിയെന്നും മറ്റൊരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞതായി ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. “സോണിയ ഗാന്ധിയും മന്‍മോഹന്‍ സിങ്ങും ഇല്ല. പൂര്‍ണമായും രാഹുല്‍ ഗാന്ധിയില്‍ കേന്ദ്രീകരിച്ചായിരിക്കും പ്രചരണം”- അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ജനങ്ങള്‍ക്ക് പ്രതിമാസം 12,000 രൂപ വരുമാനം ഉറപ്പു വരുത്തുന്ന പദ്ധതിയാണ് ന്യായ്. കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയിലും ഏറ്റവും ജനപ്രിയ പദ്ധതിയായി വിലയിരുത്തപ്പെട്ടത് ന്യായ് തന്നെയായിരുന്നു.

We use cookies to give you the best possible experience. Learn more