| Tuesday, 17th October 2023, 5:36 pm

'സംസ്ഥാനത്തിന് സ്വന്തമായി ഐ.പി.എല്‍ ടീം'; മധ്യപ്രദേശില്‍ പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: നവംബര്‍ 17 ന് നടക്കാനിരിക്കുന്ന മധ്യപ്രദേശ് തെരഞ്ഞെടുപ്പിന്റെ പ്രകടനപത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. 59 വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുന്ന 106 പേജുള്ള പ്രകടനപത്രിക സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് കമല്‍നാഥ് ചൊവ്വാഴ്ച്ച പുറത്തിറക്കി.

മധ്യപ്രദേശിലെ എല്ലാവര്‍ക്കും 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ, 27 ശതമാനം ഒ.ബി.സി റിസര്‍വേഷന്‍ മധ്യപ്രദേശിന് സ്വന്തമായി ഐ.പി.എല്‍ ടീം എന്നിവയാണ് പ്രധാന വാഗ്ദാനങ്ങള്‍.

കര്‍ഷകരും സ്ത്രീകളും ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുമുള്‍പ്പടെ എല്ലാ വിഭാഗങ്ങളെയും ഉള്‍കൊള്ളുന്നതാണ് പ്രകടനപത്രികയെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

‘എല്ലാവര്‍ക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും, 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഞങ്ങള്‍ നല്‍കും. കൂടാതെ മധ്യപ്രദേശിന് സ്വന്തമായൊരു ഐ.പി.എല്‍ ടീമും ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുന്നു,’പത്രിക പുറത്തിക്കി കമല്‍നാഥ് പറഞ്ഞു.

രണ്ട് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്നും സ്ത്രീകള്‍ക് പ്രതിമാസം 1500 രൂപനല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

500 രൂപയ്ക്ക് എല്‍.പി.ജി സിലിണ്ടറുകള്‍, സൗജന്യ സ്‌കൂള്‍ വിദ്യാഭ്യാസം, ഓള്‍പെന്‍ഷന്‍ സ്‌കീം നടപ്പാക്കല്‍, തൊഴില്‍ രഹിതര്‍ക്ക് പ്രതിമാസം 1500 മുതല്‍ 3000 രൂപ വരെ ധനസഹായം എന്നിവയാണ് മറ്റ് സുപ്രധാന വാഗ്ദാനങ്ങള്‍.

കഴിഞ്ഞ ദിവസം 230 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു.

Content highlight: Congress release manifesto for Madhya Predesh election

We use cookies to give you the best possible experience. Learn more