സിദ്ധരാമയ്യ 'വരുണയില്‍', ഡി.കെ. ശിവകുമാറിന് വീണ്ടും 'കനകപുരി';സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്
national news
സിദ്ധരാമയ്യ 'വരുണയില്‍', ഡി.കെ. ശിവകുമാറിന് വീണ്ടും 'കനകപുരി';സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th March 2023, 9:31 am

ബെംഗളൂരു: മേയില്‍ നടക്കാനിരിക്കുന്ന കര്‍ണാടക പൊതുതെരഞ്ഞടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. 124 സ്ഥാനാര്‍ത്ഥികളുടെ പേരുവിവരങ്ങളാണ് പുറത്തു വിട്ടിട്ടുള്ളത്. മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്വന്തം മണ്ഡലമായ മൈസൂരിലെ വരുണയില്‍ നിന്നാണ് ഇത്തവണ ജനവിധി തേടുന്നത്.

കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിനെ വീണ്ടും കനകപുരയില്‍ നിന്ന് മത്സരിപ്പിക്കാനുമാണ് പാര്‍ട്ടി തീരുമാനം. ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് പട്ടിക പുറത്തുവിട്ടത്.

ഇവരെകൂടാതെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക് ഖാര്‍ഗിനെ ചിതാപൂരിലും റിസ് വാന്‍ അര്‍ഷദിനെ ശിവജി നഗറിലും ദിനേശ് ഗുന്ദു റാവുവിനെ ഗാന്ധിനഗറില്‍ നിന്നും  നിയമസഭയിലെത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

ബിദറില്‍ നിന്ന് റഹീം ഖാനെയും ബിദര്‍ സൗത്തില്‍ നിന്ന് അശോക് ഖേരിയെയും നിര്‍ത്താനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. എച്ച്.എം ഗണേഷ് പ്രസാദ് ഗുണ്ടല്‍പേട്ടിലും അബ്ദുല്‍ ഖാദര്‍ അലി ഫരീദ് മാംഗ്ലൂരിലും മത്സരിക്കും.

സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടതോടെ കര്‍ണാടക പൊതുതെരഞ്ഞടുപ്പില്‍ ബി.ജെ.പിയേക്കാള്‍ ഒരുമുഴം മുന്നേ എറിയാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഏത് വിധേനയും ഭരണം പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അതേസമയം ആഭ്യന്തര ചേരിപ്പോര് രൂക്ഷമായതിനെ തുടര്‍ന്ന് പ്രതിസന്ധിയിലാണ് ബി.ജെ.പി ഭരണകൂടം.

കഴിഞ്ഞ തവണ ഒപ്പം നിന്ന പല സമുദായ കക്ഷികളും ഇത്തവണ കോണ്‍ഗ്രസിനെ പിന്തുണച്ചതും പാര്‍ട്ടിക്ക് തലവേദനയാണ്.

കഴിഞ്ഞ തവണ ബി.ജെ.പിയുടെ പ്രധാന വോട്ടുബാങ്കായിരുന്ന മാദിഗ സമുദായവും ഇത്തവണ കോണ്‍ഗ്രസിനൊപ്പമാണ്. അഞ്ച് വര്‍ഷം അധികാരത്തിലിരുന്നിട്ടും ബി.ജെ.പി തങ്ങളെ വഞ്ചിച്ചെന്നാരോപിച്ചാണ് മാദിഗ നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പി വിട്ടത്.

മുന്‍ എം.എല്‍.എമാരായ ജി.എന്‍. നഞ്ചുണ്ട, മനോഹര്‍ ഐനാപ്പൂര്‍, മുന്‍ മെസൂര്‍ മേയര്‍ പുരുഷോത്തം എന്നിവരും ഇത്തവണ ബി.ജെ.പിയെ കൈവിട്ടു. കര്‍ണാടകത്തിലെ പ്രബല വിഭാഗമായ ലിംഗായത്തിലെ നേതാക്കളായ കെ.എസ്. കിരണ്‍കുമാര്‍, എച്ച്.ഡി. തിമ്മയ്യ എന്നിവരും ഇത്തവണ കോണ്‍ഗ്രസിനോടൊപ്പമാണ്.

Content Highlight: congress release list of candidates in karnataka election