| Wednesday, 1st July 2020, 11:32 pm

'എന്തുകൊണ്ട് ആ തെറ്റ് അന്ന് തിരുത്തിയില്ല'; മഹാരാഷ്ട്രയില്‍ ശരദ് പവാറിനെതിരെ തിരിഞ്ഞ് കോണ്‍ഗ്രസ് മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: 1962-ലെ ചൈനയുമായുള്ള യുദ്ധത്തെക്കുറിച്ച് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്റെ പരാമര്‍ശങ്ങളില്‍ വിവിധ പ്രതികരണങ്ങളാണ് മഹാരാഷ്ട്ര കോണ്‍ഗ്രസില്‍നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇവയില്‍ പലതും സഖ്യസര്‍ക്കാരിലെ കക്ഷികള്‍ക്കിടയിലുള്ള വിള്ളലുകള്‍ക്ക് ആക്കം കൂട്ടുന്നുണ്ടെന്നാണ് വിവരം. ശരദ് പവാര്‍ രാജ്യത്തെ പ്രതിരോധ മന്ത്രിയായിരുന്നപ്പോള്‍ ചില തെറ്റുകള്‍ തിരുത്തേണ്ടതായിരുന്നുവെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവും ഊര്‍ജ്ജ മന്ത്രിയുമായ നിതിന്‍ റാവുത്ത് അഭിപ്രായപ്പെട്ടു.

‘ചൈന 1962 ല്‍ ഇന്ത്യന്‍ അതിര്‍ത്തി കൈയ്യേറിയപ്പോഴുള്ള സ്ഥിതി മറ്റൊന്നാണ്. അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായിരുന്ന ശരദ് പവാര്‍ തെറ്റുകള്‍ തിരുത്തേണ്ടതായിരുന്നു. രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കുന്നതിന് പകരം ലഡാക്ക് വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രിയോട് ശരദ് പവാര്‍ ആവശ്യപ്പെട്ടിട്ടുണ്ടാകും’, നിതിന്‍ റാവത്ത് പറഞ്ഞു.

ഇന്ത്യാ-ചൈന അതിര്‍ത്തി തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ആവര്‍ത്തിച്ച് വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് 1962 ലെ യുദ്ധത്തെക്കുറിച്ചും ചൈന ഇന്ത്യയുടെ 45000 ചതുരശ്ര കിലോമീറ്റര്‍ കൈയ്യേറിയതിനെക്കുറിച്ചും ശരദ് പവാര്‍ പരാമര്‍ശിച്ചത്.

‘ആ ഭൂമി ഇപ്പോഴും ചൈനയുടെ കൈവശമാണ്. ഇവര്‍ വീണ്ടും ചില പ്രദേശങ്ങള്‍ കൈയ്യേറ്റം ചെയ്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ, ഒരു ആരോപണമുന്നയിക്കുമ്പോള്‍ ഞാന്‍ അധികാരത്തിലുണ്ടായിരുന്നപ്പോള്‍ എന്തായിരുന്നു സംഭവിച്ചതെന്നതുകൂടി കാണേണ്ടതുണ്ട്. അന്നുമുതല്‍ വലിയ രീതിയില്‍ ഇന്ത്യന്‍ പ്രദേശം കൈയ്യേറ്റം ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് അവഗണിക്കാനാവുന്നതല്ല. ഇത് ദേശീയ സുരക്ഷയുടെ കാര്യമാണ്. അതിനെ രാഷ്ട്രീയ വല്‍ക്കരിക്കരുതെന്നാണ് എനിക്ക് തോന്നുന്നത്’, എന്നായിരുന്നു ശരദ് പവാര്‍ പറഞ്ഞത്.

ദേശീയ സുരക്ഷയെക്കുറിച്ച് എപ്പോഴാണ് സംസാരിച്ചുകൊണ്ടിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.

സര്‍ക്കാരിനെക്കുറിച്ചുള്ള രാഹുലിന്റെ പരാമര്‍ശത്തില്‍ പ്രതികരിക്കുന്നതിന് പകരം ലഡാക്ക് വിഷയത്തില്‍ സംസാരിക്കാന്‍ പവാര്‍ പ്രധാനമന്ത്രിയെ ഉപദേശിച്ചിട്ടുണ്ടാവുമെന്നാണ് നിതിന്‍ റാവത്ത് വിമര്‍ശിക്കുന്നത്.

നരേന്ദ്ര മോദി ഞായറാഴ്ച ‘മന്‍ കി ബാത്തി’ല്‍ ലഡാക്ക് വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more