| Thursday, 4th April 2024, 1:19 pm

എസ്.ഡി.പി.ഐ പിന്തുണ വേണ്ട, വ്യക്തിപരമായി ആർക്കും വോട്ട് ചെയ്യാം; കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യു.ഡി.എഫിന് എസ്.ഡി.പി.ഐയുടെ പിന്തുണ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പിന്തുണ തള്ളിക്കളഞ്ഞെങ്കിലും വ്യക്തിപരമായ വോട്ടുകള്‍ വേണമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

‘ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതെയും കോണ്‍ഗ്രസ് ഒരുപോലെ എതിര്‍ക്കുന്നു. എസ്.ഡി.പി.ഐ നല്‍കിയ പിന്തുണയും അതു പോലെയാണ് കാണുന്നത്. വ്യക്തികള്‍ക്ക് സ്വന്തമായി വോട്ട് ചെയ്യാം. എന്നാല്‍ സംഘടനയുടെ പിന്തുണ അങ്ങനെ കാണാന്‍ സാധിക്കില്ല,’ വി.ഡി. സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസ് എസ്.ഡി.പി.ഐയുടെ പിന്തുണ സ്വീകരിച്ചെന്ന തരത്തിലാണ് സി.പി.ഐ.എം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസിനെ എസ്.ഡി.പി.ഐ പിന്തുണക്കുമെന്ന് അറിയിച്ചതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് പാര്‍ട്ടിക്കെതിരെ ഉയര്‍ന്നത്.
കേരളത്തില്‍ നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട സംഘടനയുടെ പിന്തുണ ഇന്ത്യാ മുന്നണി സ്വീകരിക്കുന്നു എന്ന രീതിയില്‍ ദേശീയ തലത്തില്‍ ബി.ജെ.പി പ്രചരണം നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയത്. എസ്.ഡി.പി.ഐ പിന്തുണ വേണ്ടെന്ന് എന്ത് കൊണ്ടാണ് കോണ്‍ഗ്രസ് പരസ്യമായി പ്രഖ്യാപിക്കാത്തതെന്ന് സി.പി.ഐ.എം ഉള്‍പ്പടെ ചോദിച്ചിരുന്നു.

Content Highlight: congress rejects SDPI support in lok sabha election

We use cookies to give you the best possible experience. Learn more