തൃശ്ശൂര്‍: എല്‍.ഡി.എഫിനൊപ്പം തന്നെ നില്‍ക്കുമെന്ന് തൃശ്ശൂര്‍ മേയര്‍ എം. കെ വര്‍ഗീസ്. കോണ്‍ഗ്രസ് വിമതനായ എം. കെ വര്‍ഗീസ് എല്‍.ഡി.എഫ് പിന്തുണയോടെയാണ് അധികാരത്തിലെത്തിയത്.
‘എന്നെ ആദ്യമായി സമീപിച്ചത് എല്‍.ഡി.എഫാണ്. വാക്കാലുള്ള എഗ്രിമെന്റില്‍ അഞ്ച് വര്‍ഷം എനിക്ക് ഭരിക്കാമെന്ന് അവര്‍ പറഞ്ഞിട്ടുള്ളതാണ്. നാളിതുവരെയുള്ള പ്രയാണത്തില്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടുകളുമുണ്ടായിട്ടില്ല. സ്വതന്ത്രമായി ചിന്തിക്കാനും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുമുള്ള അവകാശമുണ്ടെനിക്ക്. മേയറെന്ന നിലയില്‍ മുന്നോട്ട് വെക്കുന്ന കാര്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കണമെന്ന ആവശ്യമായിരുന്നു എനിക്കുണ്ടായിരുന്നത്.
ഒരു മാസക്കാലമായിട്ടേ ഉള്ളുവെങ്കിലും ഇതിലൊന്നും എനിക്ക് ഒരു തടസ്സവും ഉണ്ടായിട്ടില്ല. എന്നോടുള്ള മനോഭാവത്തില്‍ മുന്നോട്ടുള്ള പോക്കില്‍ ഏതെങ്കിലും തരത്തില്‍ പ്രശ്‌നമുണ്ടായാല്‍ മാത്രമേ മാറി ചിന്തിക്കുകയുള്ളു. ഇപ്പോള്‍ എല്‍.ഡി.എഫുമായി സഹകരിച്ച് മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം,’ മേയര്‍ എം. കെ വര്‍ഗീസ് പറഞ്ഞു.
993 വോട്ടുകള്‍ക്കാണ് പുല്ലഴി വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. രാമനാഥന്‍ വിജയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ 177 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ് വിജയിച്ച വാര്‍ഡാണിത്.
പുല്ലഴിയില്‍ യു.ഡി.എഫ് വിജയിച്ചതോടെ തൃശ്ശൂര്‍ കോര്‍പറേഷന്‍ ഭരണം എല്‍.ഡി.എഫിന് നഷ്ടമാവാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു.
നേരത്തെ എല്‍.ഡി.എഫ് 24 യു.ഡി.എഫ് 23 എന്നായിരുന്നു കക്ഷി നില. പുല്ലഴി യു.ഡി.എഫ് വിജയിച്ചതോടെ യു.ഡി.എഫിനും എല്‍.ഡി.എഫിനും 24 സീറ്റുകള്‍ വീതമാകും. ഇതോടെ ഭരണത്തിന്റെ കാര്യം എങ്ങനെയാകുമെന്ന് തീരുമാനമായിട്ടില്ല.
കളമശ്ശേരിയില്‍ 37ാം വാര്‍ഡില്‍ ലീഗിന്റെ സിറ്റിംഗ് സീറ്റില്‍ എല്‍.ഡി.എഫാണ് വിജയിച്ചത്. ഇതോടെ കളമശ്ശേരി നഗരസഭയുടെ ഭരണ മാറ്റം സംബന്ധിച്ചും ആശങ്ക നിലനില്‍ക്കുന്നുണ്ട്. നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് അധികാരം ലഭിച്ച നഗരസഭയാണ് ഇത്.
കഴിഞ്ഞ ദിവസമാണ് വിവിധ ജില്ലകളിലെ ഏഴു വാര്‍ഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഏഴിടത്തുമായി 78.24 ശതമാനമായിരുന്നു പോളിംഗ്. കളമശ്ശേരി മുന്‍സിപാലിറ്റിയിലെ 37ാം വാര്‍ഡ്, തൃശ്ശൂര്‍ കോര്‍പറേഷനിലെ പുല്ലഴി വാര്‍ഡ്, കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി ഡിവിഷന്‍ എന്നിവയുടെ ഫലവും നിര്‍ണായകമാവും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക