| Sunday, 14th July 2019, 5:32 pm

കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ അനുനയനീക്കം പാളുന്നു ? രാജി പിന്‍വലിക്കുമെന്നു പറഞ്ഞ വിമതനടക്കം മുംബൈയ്ക്ക് പറന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകത്തില്‍ വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കം പാളുന്നു. കോണ്‍ഗ്രസില്‍ തുടരുമെന്നു വ്യക്തമാക്കിയ എം.ടി.ബി നാഗരാജ് ഉള്‍പ്പെടെയുള്ള മൂന്ന് എം.എല്‍.എമാര്‍ ഇന്ന് മുംബൈയിലെത്തി.

നാഗരാജിനു പുറമേ കെ. സുധാകര്‍, മുനിരത്‌ന നായിഡു എന്നിവരാണ് ബെംഗളൂരു വിട്ട് വീണ്ടും മുംബൈയിലേക്കു പറന്നത്. മുംബൈയിലുള്ള മറ്റു വിമത എം.എല്‍.എമാര്‍ക്കൊപ്പം ഇവരും ചേര്‍ന്നേക്കാനാണു സാധ്യത. ബി.ജെ.പിയാണ് വിമതരുടെ അപ്രതീക്ഷിത നീക്കത്തിനു പിന്നിലെന്ന് ആരോപണമുണ്ട്.

രാജി പിന്‍വലിച്ചതായി നേരത്തേ നാഗരാജ് അറിയിച്ചിരുന്നു. ഇത് കോണ്‍ഗ്രസിന്റെയും ഡി.കെ ശിവകുമാറിന്റെയും അനുനയനീക്കങ്ങളുടെ ഭാഗമായി വിലയിരുത്തപ്പെട്ടിരുന്നു. നേരത്ത ശിവകുമാറുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം രാജി പുനപരിശോധിക്കാമെന്ന് നാഗരാജ് പറഞ്ഞിരുന്നു. പിന്നാലെയാണ് രാജി പിന്‍വലിക്കുന്നതായി പറഞ്ഞത്.

‘സുധാകര റാവുവും താനും എം.എല്‍.എ സ്ഥാനത്ത് നിന്നും രാജി വെക്കുന്നതായി അറിയിച്ചുള്ള കത്ത് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ എല്ലാ കോണ്‍ഗ്രസ് നേതാക്കളും എന്നോട് തുടരാന്‍ ആവശ്യപ്പെടുന്നു. ഞാന്‍ പാര്‍ട്ടിയില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു.’ എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരില്‍ ഭവന മന്ത്രിയാണ് നാഗരാജ്. ഡിസംബര്‍ 22 ന് മന്ത്രിസഭ പുനസംഘടിപ്പിക്കുകയും വിപുലീകരിക്കുകയും ചെയ്തപ്പോഴായിരുന്നു നാഗരാജിനെ മന്ത്രിയാക്കിയത്. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുമായും സിദ്ധരാമയ്യയുമായുള്ള കൂടികാഴ്ച്ചക്ക് ശേഷമാണ് നാഗരാജ് പാര്‍ട്ടിയില്‍ തന്നെ തുടരുന്ന കാര്യത്തില്‍ വ്യക്തത വരുത്തിയത്.

കര്‍ണ്ണാടക പ്രതിസന്ധി പരിഹരിക്കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് കര്‍ണ്ണാടകയില്‍ എത്തി എം.എല്‍.എമാരുമായി ചര്‍ച്ച നടത്തിയിരുന്നു.
കര്‍ണ്ണാടകയില്‍ മുന്‍പും ഇത്തരം രാഷ്ട്രീയ പ്രതിസന്ധികള്‍ ഉണ്ടായപ്പോള്‍ കമല്‍നാഥിന്റെ ഇടപെടല്‍ ഫലം കണ്ടിരുന്നു. ഇതേ അടവ് വീണ്ടും പയറ്റുകയാണ് കോണ്‍ഗ്രസ് ഇപ്പോള്‍.

ഒരു കുടുംബമാകുമ്പോള്‍ അതില്‍ പ്രശ്നങ്ങളുണ്ടാകുമെന്നും 40 വര്‍ഷത്തോളം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചുപോരുന്നവരാണ് നമ്മളെന്നും എല്ലാം മറന്ന് നമ്മള്‍ മുന്നോട്ടുപോകണമെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more