ന്യൂദല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട എക്‌സ് അക്കൗണ്ടുകള്‍ നീക്കം ചെയ്ത നടപടി ജനാധിപത്യത്തിന്റെ കൊലപാതകമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. കേന്ദ്ര നിര്‍ദേശ പ്രകാരമാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന എക്‌സിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മിസ്റ്റര്‍ മോദി, നിങ്ങള്‍ നമ്മുടെ ജനാധിപത്യത്തെ ഒരു തമാശ മാത്രമായി ചുരുക്കിയിരിക്കുന്നു എന്നാണ് കോണ്‍ഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രീനാഥെ സംഭവത്തോട് പ്രതികരിച്ചത്.
കർഷക സമരവുമായി ബന്ധപ്പെട്ട എക്‌സിലെ ചില അക്കൗണ്ടുകൾ നീക്കം ചെയ്യണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നതായി എക്സ് വ്യക്തമാക്കിയിരുന്നു. ഉത്തരവ് അനുസരിച്ചില്ലെങ്കിൽ തടവ് ശിക്ഷ ഉൾപ്പടെ ലഭിക്കുമെന്ന് സർക്കാർ ഭീഷണിപ്പെടുത്തിയതിനാലാണ് അക്കൗണ്ടുകൾ സ്സപെൻഡ് ചെയ്തതെന്നാണ് അധികൃതർ പറഞ്ഞത്.
ഉത്തരവിനെ ചോദ്യം ചെയ്ത് ഒരു റിട്ട് ഹരജി സമർപ്പിച്ചിട്ടുണ്ടെങ്കിലും ഹരജി ഇപ്പോഴും തീർപ്പായിട്ടില്ലെന്നും ചില തടസങ്ങൾ കാരണം സർക്കാർ ഉത്തരവ് പ്രസിദ്ധീകരിക്കാൻ സാധിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.
എന്നാൽ സർക്കാർ ഉത്തരവിനെ കുറിച്ച് ജനങ്ങൾ അറിയണമെന്നതിനാലാണ് വിവരങ്ങൾ പങ്കുവെക്കാൻ തീരുമാനിച്ചത്. അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെട്ട ആളുകളെയും സർക്കാർ ഉത്തരവിനെ കുറിച്ച് അറിയിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു. എക്‌സിന് പുറമേ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, സ്നാപ് തുടങ്ങിയ ആപ്പുകൾക്കും കർഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ നീക്കം ചെയ്യാൻ കേന്ദ്രം നിർദേശം നൽകിയിരുന്നു.
ഫെബ്രുവരി 14ന് കർഷകരുടെ ദൽഹി ചലോ മാർച്ച് ആരംഭിച്ചതിന് പിന്നാലെയാണ് അക്കൗണ്ടുകൽ പിൻവലിക്കണമെന്ന് കാണിച്ച് സർക്കാർ നിർദേശം നൽകിയത്. ക്രമസമാധാനം നിലനിർത്താൻ ഫെബ്രുവരി 19 വരെ അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്യണമെന്നും അതിന് ശേഷം പുനഃസ്ഥാപിക്കാമെന്നുമാണ് സർക്കാർ കമ്പനികളെ അറിയിച്ചത്.
Contant Highlight: Congress reacts to X blocking accounts linked to farmers’ protest on Centre’s order