ന്യൂദല്‍ഹി: പാരിസ് ഒളിമ്പിക്‌സില്‍ വനിതകളുടെ 50 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് ഫൈനലിലെത്തിയിരിക്കുകയാണ്. ക്യൂബയുടെ ലോപസ് ഗുസ്മാനെ സെമിയില്‍ പരാജയപ്പെടുത്തിക്കൊണ്ടാണ് വിനേഷ് സ്വര്‍ണമെഡലിനോടടുത്തത്. ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് വിനേഷ് ഫോഗട്ട്.
ചൊവ്വാഴ്ച രാത്രി നടന്ന സെമി ഫൈനലിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ്. വിനേഷ് ഫോഗട്ട് ഒളിമ്പിക്‌സില്‍ സ്വര്‍ണമോ വെള്ളിയോ ഉറപ്പിച്ചിട്ടിട്ടുണ്ടെന്നും ജൈവികമായി പിറക്കാത്ത മോദി വിനേഷിനെ വിളിക്കുമോ എന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് ചോദിച്ചു. ഗുസ്തിക്കാരുടെ സമരത്തില്‍ ദല്‍ഹി പൊലീസ് മോശമായി പെരുമാറിയതിന് മാപ്പ് പറയുമോ അതോ അവളെ അഭിനന്ദിക്കുമോ എന്ന് ചോദിച്ചുകൊണ്ട് ജയറാം രമേഷ് എക്‌സില്‍ കുറിച്ചു.
2023-ല്‍ അന്നത്തെ റെസ്ലേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യു.എഫ്.ഐ) തലവന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ രാജ്യത്തെ പ്രമുഖ ഗുസ്തിക്കാര്‍ നടത്തിയ പ്രതിഷേധത്തെ പരാമര്‍ശിച്ചുകൊണ്ടാണ് ജയറാം രമേഷ് ഇക്കാര്യം ചോദിച്ചത്. ബി.ജെ.പി എം.പി കൂടിയായ ബ്രിജ് ഭൂഷണിനെതിരെ വനിതാ ഗുസ്തി താരങ്ങളുടെ ലൈംഗികാരോപണം വലിയ വാര്‍ത്തായായിരുന്നു. 67കാരനായ ബി.ജെ.പി നേതാവ് 2012 മുതല്‍ ഡബ്ല്യു.എഫ്.ഐ തലവനാണ്.
അന്നത്തെ പ്രതിഷേധത്തില്‍ മുന്‍പന്തിയില്‍ നിന്നത് വിനേഷായിരുന്നു. വിനേഷിന് പുറമെ സാക്ഷി മാലിക്, ബജ്രംഗ് പുനിയ എന്നിവരും പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവരുടെ പ്രതിഷേധങ്ങള്‍ കേന്ദ്രസര്‍ക്കാരും സംവിധാനങ്ങളും അവഗണിച്ചുകൊണ്ട് ബ്രിജ്ഭൂഷണിനൊപ്പം നിലകൊള്ളുകയായിരുന്നു.
പിന്നാലെ തങ്ങള്‍ക്ക് ലഭിച്ച പുരസ്‌കാരങ്ങളെല്ലാം തിരിച്ചു നല്‍കിക്കൊണ്ട് ഗുസ്തി താരങ്ങള്‍ തെരുവിലിറങ്ങുകയായിരുന്നു. വിനേഷിന് ലഭിച്ച ഖേല്‍ രത്ന, അര്‍ജുന അവാര്‍ഡുകള്‍ എന്നിവ താരം തിരിച്ചു നല്‍കുകയായിരുന്നു.
Content Highlight: Congress reacts to Vinesh Phogat’s Olympics victory