ഗൂഗിളില്‍ തിരഞ്ഞാല്‍ കിട്ടാത്തതോ?; ഇന്ത്യയില്‍ തടവറകളില്ലെന്ന മോദിയുടെ വാദത്തിന് മറുപടിയുമായി കോണ്‍ഗ്രസ്
national news
ഗൂഗിളില്‍ തിരഞ്ഞാല്‍ കിട്ടാത്തതോ?; ഇന്ത്യയില്‍ തടവറകളില്ലെന്ന മോദിയുടെ വാദത്തിന് മറുപടിയുമായി കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd December 2019, 7:24 pm

ന്യൂദല്‍ഹി: ഇന്ത്യയില്‍ കരുതല്‍ തടവറകളില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാം ലീല മൈതാനിയിലെ മഹാ റാലിയില്‍ പ്രഖ്യാപിച്ചതിനു പിന്നാലെ പരിഹാസവുമായി കോണ്‍ഗ്രസ്.

ഗൂഗിളില്‍ തിരഞ്ഞാല്‍ ലഭിക്കാത്തതാണ് മോദിയുടെ കള്ളങ്ങള്‍ എന്ന ധാരണയുണ്ടോ പ്രധാനമന്ത്രിയ്ക്ക് എന്നായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്.

തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ കോണ്‍ഗ്രസും കോണ്‍ഗ്രസിന്റെ സഖ്യകക്ഷികളും ദേശീയ പൗരത്വ പട്ടികയെക്കുറിച്ച് കള്ളം പ്രചരിപ്പിക്കുകയാണെും മോദി പറഞ്ഞു.

‘കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷികളും ചില അര്‍ബന്‍ നക്‌സലുകളും മുസ്‌ലീങ്ങളെ തടവറകളിലാക്കുന്നു എന്ന തരത്തില്‍ കള്ളം പ്രചരിപ്പിക്കുകയാണ്’- മോദി പറഞ്ഞു.

ഈ രാജ്യത്തിന്റെ മണ്ണില്‍ ജനിച്ച മുസ്‌ലീങ്ങള്‍ക്ക് എന്‍.ആര്‍.സിയുമായി ഒരു ബന്ധവുമില്ലെന്നും മോദി പ്രസംഗത്തിനിടെ പറഞ്ഞു.

‘ഇന്ത്യയില്‍ ഒരു കരുതല്‍ തടവറകളും ഇല്ല. ഒരു മുസ്‌ലീമിനെയും തടവറകളിലാക്കാന്‍ പോവുന്നുമില്ല’ -മോദി പറഞ്ഞു.

അനാവശ്യമായ കിംവദന്തികളില്‍ വീണുപോവാതിരിക്കാന്‍ രാജ്യത്തെ മുഴുവന്‍ യുവാക്കളോടും പൗരത്വ നിയമം വിശദമായി വായിക്കാന്‍ ആവശ്യപ്പെടുകയാണെന്നും മോദി വ്യക്തമാക്കിയിരുന്നു.

‘മോദിയുടെ കള്ളങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ഗൂഗിളില്‍ തിരഞ്ഞാല്‍ കിട്ടാത്ത കാര്യമാണെന്ന് അദ്ദേഹം കരുതുന്നുണ്ടോ? തടവറകള്‍ സത്യമാണ്. ഈ സര്‍ക്കാര്‍ അധികാരത്തിലുള്ളിടത്തോളം കാലം അത് വളര്‍ന്നു കൊണ്ടെയിരിക്കും’എന്നാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്.

 

ഇന്ത്യയില്‍ തടവറകളുണ്ടെന്നത് സത്യമാണെന്നതിന്റെ തെളിവ് കാണിച്ച് ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തിരുന്നു. മോദിയെ അര്‍ബന്‍ നാസി എന്ന് വിശേഷിപ്പിച്ചായിരുന്നു കശ്യപിന്റെ ട്വീറ്റ്.