'ചതിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്'; മഹാരാഷ്ട്രയിലെ ക്രോസ് വോട്ടിങ്ങില്‍ കോണ്‍ഗ്രസ്
national news
'ചതിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്'; മഹാരാഷ്ട്രയിലെ ക്രോസ് വോട്ടിങ്ങില്‍ കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th July 2024, 12:25 pm

മുംബൈ: മഹാരാഷ്ട്രയിലെ നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലുണ്ടായ ക്രോസ് വോട്ടിങ്ങില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്. ചതിച്ചവരെ പാര്‍ട്ടി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ പറഞ്ഞു. ഒപ്പം നിന്ന് ചതിച്ചവരെ വെറുതെ വിടില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറയുകയുണ്ടായി.

കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ മഹായൂതി, മത്സരിച്ച ഒമ്പത് സീറ്റുകളിലും വിജയിച്ച പശ്ചാത്തലത്തിലാണ് പടോലെയുടെ പ്രതികരണം.

‘പാര്‍ട്ടിയെ ചതിച്ച എം.എല്‍.എമാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഹൈക്കമാന്റിന് കൈമാറി. കൂടെ നിന്ന് ഒറ്റിയവരെ പാര്‍ട്ടിയില്‍ തുടരാന്‍ അനുവദിക്കില്ല. ഇവര്‍ക്കെതിരെ രണ്ടോ മൂന്നോ ദിവസത്തിനകം നടപടി ഉണ്ടാകും,’ എന്നാണ് നാനാ പടോലെ പറഞ്ഞത്.

രണ്ട് വര്‍ഷം മുമ്പ് നടന്ന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ചന്ദ്രകാന്ത് ഹന്ദോര്‍ പരാജയപ്പെട്ടതിന് പിന്നിലും ഇവരുടെ കൈകളുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ പാര്‍ട്ടി ഒരുക്കിയ കെണിയില്‍ ഇവര്‍ വീണു. ഇനി ഒരിക്കലും ഇത്തരത്തിലുള്ള അട്ടിമറികള്‍ ഉണ്ടാവാത്ത വിധം നടപടി സ്വീകരിക്കുമെന്നും നാനാ പടോലെ വ്യക്തമാക്കി.

ക്രോസ് വോട്ടിങ്ങില്‍ ശിവസേന എം.എല്‍.എ സഞ്ജയ് റാവത്തും പ്രതികരിച്ചു. കുറ്റാരോപിതരായ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാനമായി രീതിയില്‍ നീങ്ങിയിട്ടുണ്ടന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.

കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റില്‍ മത്സരിച്ച പ്രതിപക്ഷ മുന്നണി മഹാ വികാസ് അഘാഡിക്ക് രണ്ടു സീറ്റുകളിലെ വിജയിക്കാനായുള്ളു. ഏഴ് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ ക്രോസ് വോട്ടിങ്ങാണ് എം.വി.എക്ക് തിരിച്ചടിയായത്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം ബി.ജെ.പിയുടെ പങ്കജ മുണ്ടെക്ക് 26 വോട്ടും പരിണയ് ഫുകെക്ക് 26 വോട്ടും യോഗേഷ് തിലേക്കറിന് 26 വോട്ടും അമിത് ഗോര്‍ഖെക്ക് 26 വോട്ടുമാണ് ലഭിച്ചത്. അഞ്ചാമത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സദാഭൗ ഖോട്ട് 23 വോട്ടുകള്‍ നേടി രണ്ടാം മുന്‍ഗണന വോട്ടിന് വിജയിച്ചു.

ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന സ്ഥാനാര്‍ത്ഥി ഭാവന ഗവാലിക്ക് 24 വോട്ടും കൃപാല്‍ തുമാനെയ്ക്ക് 25 വോട്ടും ലഭിച്ചിരുന്നു. എന്‍.സി.പി യുടെ ശിവാജിറാവു ഗാര്‍ജെ 24 വോട്ടും രാജേഷ് വിതേകര്‍ 23 വോട്ടുമാണ് നേടിയത്.

Content Highlight: Congress reacts to the cross-voting in Maharashtra Legislative Council elections