| Wednesday, 22nd May 2024, 8:24 pm

'മോദാനി മെഗാ കുംഭകോണം': നിലവാരം കുറഞ്ഞ കല്‍ക്കരി പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് വിറ്റെന്ന റിപ്പോര്‍ട്ടുകളില്‍ കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അദാനി ഇന്ത്യയില്‍ വില്‍ക്കുന്നത് നിലവാരം കുറഞ്ഞ കല്‍ക്കരിയാണെന്ന റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ നടക്കുന്നത് അദാനിയുടെ കല്‍ക്കരി കുംഭകോണമാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഇന്ത്യാ സഖ്യം അധികാരത്തിലേറിയാല്‍ അദാനിക്കെതിരെ സംയുക്ത പാര്‍ലമെന്ററി സമിതി സ്ഥാപിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ വന്‍ കല്‍ക്കരി കുംഭകോണമാണ് നടന്നത്. ഈ കുംഭകോണത്തിലൂടെ നരേന്ദ്ര മോദിയുടെ പ്രിയ സുഹൃത്ത് അദാനി കുറഞ്ഞ തുകയ്ക്ക് കല്‍ക്കരി വിറ്റ് ആയിരക്കണക്കിന് കോടി രൂപ കൊള്ളയടിച്ചെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.

അദാനി സാധാരണക്കാരുടെ പോക്കറ്റ് കൊള്ളയടിച്ചെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഈ അഴിമതിയില്‍ ഇന്ത്യാ സഖ്യം അന്വേഷണം നടത്തിയിരിക്കും. കൊള്ളയടിക്കപ്പെട്ട തുകയുടെ കണക്ക് എടുക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഈ തുറന്ന അഴിമതിയില്‍ ഇ.ഡി, സി.ബി.ഐ, ഐ.ടി എന്നിവയെ നിശബ്ദമാക്കാന്‍ പ്രധാനമന്ത്രി എത്ര ടെംപോകളാണ് ഉപയോഗിച്ചതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് ചോദിച്ചു. പൊതുജനങ്ങളില്‍ നിന്ന് കൊള്ളയടിക്കപ്പെട്ട ഓരോ പൈസയുടെയും കണക്ക് മോദി അവതരിപ്പിക്കണമെന്നും ജയറാം രമേശ് പറഞ്ഞു.

പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്തുക്കള്‍ നിയമം ലംഘിച്ചും ഇന്ത്യക്കാരെ ചൂഷണം ചെയ്തും സമ്പന്നരായതിന്റെ മറ്റൊരു ഉദാഹരണമാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

പ്രധാനമന്ത്രിക്കും അദാനിയടക്കമുള്ള അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കും ഇത് ‘അമൃത്’ കാലമാണെന്നും മറ്റുള്ളവര്‍ക്ക് ‘വിഷ്’ കാലമാണെന്നും ജയറാം രമേശ് പറഞ്ഞു. അന്തരീക്ഷ മലിനീകരണം മൂലം പ്രതിവര്‍ഷം 20 ലക്ഷം ഇന്ത്യക്കാര്‍ മരണപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

കല്‍ക്കരി കുംഭകോണത്തിലൂടെ 20,000 കോടി രൂപ അദാനി ഗ്രൂപ്പിലേക്ക് എത്തിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് വാദമുയര്‍ത്തി.

2014 ജനുവരിയില്‍ അദാനി ഗ്രൂപ്പ് ഒരു ടണ്ണിന് 28 ഡോളര്‍ നിരക്കില്‍ ഒരു ഇന്തോനേഷ്യന്‍ കമ്പനിയില്‍ നിന്ന് ‘ലോ-ഗ്രേഡ്’ കല്‍ക്കരി വാങ്ങിയെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഇത് പിന്നീട് നിലവാരമുള്ള കല്‍ക്കരിയാണെന്ന് സ്ഥാപിച്ച് തമിഴ്‌നാട് ജനറേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കമ്പനിക്ക് അദാനി വില്‍ക്കുകയായിരുന്നു.

തമിഴ്നാട് ആവശ്യപ്പെട്ട നിലവാരത്തിന് അനുസരിച്ചുള്ള കല്‍ക്കരിയല്ല അദാനി ഇറക്കുമതി ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ നിലവാരമില്ലാത്ത കല്‍ക്കരിയുമായി 25 ഓളം കപ്പലുകള്‍ തമിഴ്നാട് തീരത്ത് എത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Content Highlight: Congress reacts to reports that Adani sold substandard coal to PSUs

We use cookies to give you the best possible experience. Learn more