| Tuesday, 30th January 2024, 1:56 pm

ഗോഡ്സെയെ പിന്തുണക്കുന്നവരെ ഇന്ത്യയുടെ നിര്‍വചനം പറയാന്‍ അനുവദിക്കില്ല: മഹാത്മാഗാന്ധിയുടെ ചരമദിനത്തില്‍ കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചരമദിനത്തില്‍ സത്യത്തിന്റെയും ഐക്യത്തിന്റെയും ജ്വാല വെറുപ്പിന്റെ കൊടുങ്കാറ്റില്‍ അണയാന്‍ അനുവദിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ജനുവരി 30ന് വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും സംഘപരിവാര്‍ പ്രത്യയശാസ്ത്രം ഗാന്ധിയെ രാജ്യത്ത് നിന്ന് തട്ടിയെടുത്തെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ന് അതേ പ്രത്യയശാസ്ത്രം തന്നെ ബാപ്പുവിന്റെ തത്വങ്ങളും ആദര്‍ശങ്ങളും നമ്മില്‍ നിന്ന് തട്ടിയെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്സെയെ പിന്തുണക്കുന്നവരെ ഇന്ത്യ രാജ്യത്തിന്റെ നിര്‍വചനം പറയാന്‍ അനുവദിക്കില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

സംഭവത്തെയും സര്‍വോദയത്തെയും അടിസ്ഥാനമാക്കി മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങളെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പോരാടുമെന്ന് നാം പ്രതിജ്ഞയെടുക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എക്‌സില്‍ കുറിച്ചു. നാനാത്വത്തില്‍ ഏകത്വത്തിന്റെ ഇന്ത്യയെ സംരക്ഷിക്കാനും നമ്മുടെ ജനങ്ങള്‍ക്കിടയില്‍ നീതിയും സമത്വവും സാഹോദര്യവും ഉറപ്പാക്കാനും നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

മഹാത്മാഗാന്ധി കൊല്ലപ്പെട്ടിരിക്കാം, എന്നാല്‍ ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍, പ്രത്യേകിച്ച് സാധാരണ ഇന്ത്യക്കാര്‍ അദ്ദേഹത്തിന്റെ ജീവിതത്തെയും സ്നേഹം, ഐക്യം, സാഹോദര്യം, സമാധാനം എന്നിവയെ വളരെയധികം ബഹുമാനിക്കുന്നുണ്ടെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം പറഞ്ഞു. എന്നാല്‍ ഈ മൂല്യങ്ങള്‍ ഇന്ന് വെല്ലുവിളി നേരിടുന്നുണ്ടെന്നും പക്ഷെ ആത്യന്തികമായി ഗാന്ധി തന്നെ വിജയിക്കുമെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

Content Highlight: Congress reacts on Mahatma Gandhi’s death anniversary

We use cookies to give you the best possible experience. Learn more