കസ്റ്റഡി മരണങ്ങളില്‍ ഉത്തര്‍പ്രദേശ് ഒന്നാം സ്ഥാനത്ത്; ഓരോ മരണത്തിലും പ്രത്യേക അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്
national news
കസ്റ്റഡി മരണങ്ങളില്‍ ഉത്തര്‍പ്രദേശ് ഒന്നാം സ്ഥാനത്ത്; ഓരോ മരണത്തിലും പ്രത്യേക അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th March 2024, 9:35 am

ലഖ്നൗ: ഉത്തര്‍പ്രദേശിലെ കസ്റ്റഡി മരണങ്ങള്‍ക്കെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്. ഇന്ത്യയില്‍ കസ്റ്റഡി മരണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം ഉത്തര്‍പ്രദേശാണെന്നും ഓരോ മരണത്തിലും പ്രത്യേക അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് നേതാവ് പങ്കുരി പഥക് പറഞ്ഞു.

സംസ്ഥാനത്തെ ബാന്ദ ജില്ലയിലെ ആശുപത്രിയില്‍ കസ്റ്റഡിയിലാക്കപ്പെട്ട മുന്‍ എം.എല്‍.എ മുഖ്താര്‍ അന്‍സാരിയുടെ മരണത്തെ തുടര്‍ന്നാണ് പഥകിന്റെ പരാമര്‍ശം.

‘ഉത്തര്‍പ്രദേശില്‍ എല്ലാ ദിവസവും ഓരോ കസ്റ്റഡി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കസ്റ്റഡി കൊലപാതകത്തില്‍ ഉത്തര്‍പ്രദേശാണ് രാജ്യത്ത് ഒന്നാം സ്ഥാനത്ത്. ഇക്കാര്യത്തില്‍ സംസ്ഥാനം ഒരു രീതിയിലും അയിത്തം കല്പിച്ചിട്ടില്ല.

മരിച്ചവരില്‍ ദളിതരും മുസ്ലിങ്ങളും വ്യാപാരികളും ബ്രാഹ്‌മണരും പിന്നാക്ക വിഭാഗക്കാരും ഉള്‍പ്പെടുന്നു. പൊലീസ് കസ്റ്റഡിയില്‍ സംഭവിക്കുന്ന ഓരോ മരണത്തിലും ജുഡീഷ്യല്‍ അന്വേഷണം വേണം,’ പങ്കുരി പഥക് ഫേസ്ബുക്കില്‍ കുറിച്ചു. ഉത്തര്‍പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്ത കസ്റ്റഡി മരണങ്ങളുടെ വാര്‍ത്തകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു പങ്കുരി പോസ്റ്റ് പങ്കുവെച്ചത്.

സര്‍ക്കാരും പൊലീസും അനിയന്ത്രിതമായി മാറുന്നത് പൊതുജനങ്ങള്‍ക്ക് അപകടകരമാണെന്നും പങ്കുരി ചൂണ്ടിക്കാട്ടി.

അഞ്ച് തവണ ഉത്തര്‍പ്രദേശ് എം.എല്‍.എ ആയിരുന്ന മുക്താര്‍ അന്‍സാരി വ്യാഴാഴ്ചയാണ് ജയിലില്‍ വെച്ച് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ജയില്‍ അധികൃതര്‍ പ്രതികരിച്ചത്. എന്നാല്‍ ഭക്ഷണത്തില്‍ വിഷം നല്‍കിയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് ആരോപിച്ച് മുക്താര്‍ അന്‍സാരിയുടെ മകന്‍ ഉമര്‍ അന്‍സാരി രംഗത്തെത്തി. വിവാദത്തിന് പിന്നാലെ മുക്താര്‍ അന്‍സാരിയുടെ മരണത്തില്‍ അന്വേഷണത്തിന് ബന്ദയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.

Content Highlight: Congress reacts against custodial deaths in Uttar Pradesh