| Friday, 31st March 2023, 10:25 am

രാഹുലിനെ നേരിടാന്‍ നരേന്ദ്ര മോദി കള്ളന്മാരെ ഇറക്കുന്നു; ലളിത് മോദിയുടെ ട്വീറ്റിന് മറുപടിയുമായി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ നരേന്ദ്ര മോദി കള്ളന്മാരുടെ സഹായം തേടുകയാണെന്ന് കോണ്‍ഗ്രസ്. തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്നവരൊക്കെ നരേന്ദ്ര മോദിയെ രക്ഷിക്കാനെത്തുന്ന കാഴ്ച്ചയാണ് കാണുന്നതെന്നും കോണ്‍ഗ്രസ് പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെ യു.കെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്ന മുന്‍ ഐ.പി.എല്‍ ചെയര്‍മാനായിരുന്ന ലളിത് മോദിയുടെ ഭീഷണിക്ക് പിന്നാലെയാണ് ബി.ജെ.പിയെ പരിഹസിച്ച് കൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്.

ലളിത് മോദിക്ക് പിന്നാലെ ഇനി നീരവ് മോദിയോടും മെഹുല്‍ ചോക്‌സിയോടും വിജയ് മല്യയോടും രാഹുലിനെതിരെ കേസ് ഫയല്‍ ചെയ്യാന്‍ പറയുമോ എന്നാണ് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ചോദിച്ചത്.

ലക്ഷക്കണക്കിന് ഡോളറിന്റെ തട്ടിപ്പ് നടത്തി ഒളിച്ചോടിയ ആളാണ് ലളിത് മോദിയെന്നും ബി.ജെ.പിയുടെ ആശീര്‍വാദത്തോടെ വിദേശത്ത് സുഖജീവിതം നയിക്കുകയാണ് അയാളെന്നും കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലും അഭിപ്രായപ്പെട്ടു.

കൂട്ടത്തില്‍ ലളിത് മോദിയുടെ ഭീഷണിയൊന്നും ജനങ്ങള്‍ ചെവികൊള്ളാന്‍ പോകുന്നില്ലെന്നും ആഗോള അഴിമതിക്കാര്‍ മോദിയെ രക്ഷിക്കാനെത്തുന്നത് പുതിയ കാര്യമല്ലെന്നും വേണുഗോപാല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ബ്രിട്ടന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനുള്ള തീരുമാനം നിങ്ങളുടേതാകാന്‍ വഴിയില്ല മോദി ജി എന്നാണ് വിഷയത്തില്‍ ആര്‍.ജെ.ഡി എം.പി മനോജ് ജായുടെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ യു.കെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്ന ഭീഷണിയുമായി ലളിത് മോദി രംഗത്തെത്തിയത്. എന്ത് കാരണത്താലാണ് താന്‍ നിയമത്തിന്റെ കയ്യില്‍ നിന്നും ഒളിച്ചോടിയതെന്ന് രാഹുല്‍ ഗാന്ധി പറയുന്നതെന്നും തന്നെ എപ്പോഴാണ് കേസില്‍ ശിക്ഷിച്ചതെന്നും ലളിത് മോദി ചോദിച്ചിരുന്നു.

തന്റെ സര്‍നെയിമിനെ കളിയാക്കിയ രാഹുലിനെ കോടതി കയറ്റുമെന്നും നാണം കെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂട്ടത്തില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കളെ ടാഗ് ചെയ്ത് കൊണ്ട് യഥാര്‍ത്ഥ അഴിമതിക്കാര്‍ കോണ്‍ഗ്രസുകാരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതില്‍ പ്രതികരണവുമായാണ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

അതിനിടെ മോദി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. കേസ് നടത്തിപ്പില്‍ ദേശീയ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും പിഴവുകള്‍ വന്നിട്ടുണ്ടെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടിരുന്നു.

Content Highlight: congress react to lalit modis tweet

We use cookies to give you the best possible experience. Learn more