| Monday, 5th April 2021, 4:47 pm

അന്ന് രാഹുല്‍ എണ്ണിയെണ്ണി പറഞ്ഞതെല്ലാം സത്യമാണെന്ന് തെളിഞ്ഞില്ലേ? റാഫേലില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ വീണ്ടും കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റാഫേല്‍ യുദ്ധ വിമാനക്കരാറില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു ഇടനിലക്കാരന് ദസോള്‍ട്ട് ഏവിയേഷന്‍ കമ്പനി ഒരു മില്ല്യണ്‍ യൂറോ നല്‍കിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. റാഫേല്‍ കരാറില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ഓരോ ആരോപണങ്ങളും സത്യമാണെന്ന് ഇന്ന് പുറത്തുവന്നെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി രാജ്യത്തിന് വിശദീകരണം നല്‍കണമെന്ന് സുര്‍ജേവാല പറഞ്ഞു.

റാഫേല്‍ യുദ്ധ വിമാനക്കരാറില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു ഇടനിലക്കാരന് ദസോള്‍ട്ട് ഏവിയേഷന്‍ കമ്പനി ഒരു മില്ല്യണ്‍ യൂറോ നല്‍കിയെന്നായിരുന്നു. എന്നാല്‍ ആര്‍ക്കാണ് ഈ തുക കൈമാറിയതെന്നോ എന്തിനാണ് കൈമാറിയതെന്നോ സംബന്ധിച്ച വിവരങ്ങള്‍ ഫ്രഞ്ച് അഴിമതി നിരോധന ഏജന്‍സികള്‍ക്ക് മുന്‍പില്‍ കൃത്യമായി വിശദീകരിക്കാന്‍ ദസോള്‍ട്ടിന് കഴിഞ്ഞില്ലെന്ന് ഫ്രാന്‍സിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2018 ഒക്ടോബറില്‍ തന്നെ റാഫേല്‍ കരാറില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു ഇടനിലക്കാരന് ദസോള്‍ട്ട് തുക കൈമാറിയതായി ഫ്രഞ്ച് അഴിമതി നിയന്ത്രണ ഏജന്‍സിയായ ഫ്രാന്‍ഷിയൈസിന് മനസിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൃത്യമായ വിശദീകരണം ഏജന്‍സി ആവശ്യപ്പെട്ടത്.

2016ല്‍ റാഫേല്‍ യുദ്ധവിമാന കരാര്‍ നടപ്പിലാക്കുന്നതില്‍ തീരുമാനമായതിന് പിന്നാലെ തന്നെ ഇന്ത്യയില്‍ നിന്നുള്ള സബ് കോണ്‍ട്രാക്ടര്‍ക്ക് തുക കൈമാറാമെന്ന് കമ്പനി സമ്മതിക്കുകയായിരുന്നു.

റാഫേല്‍ ജെറ്റിന്റെ 50 കൂറ്റന്‍ മോഡലുകള്‍ നിര്‍മ്മിക്കാനാണ് തുക കൈമാറിയത് എന്നാണ് കമ്പനി വിശദീകരണം നല്‍കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള മോഡലുകള്‍ നിര്‍മ്മിച്ചതിന് കൃത്യമായ തെളിവ് നല്‍കാന്‍ ദസോള്‍ട്ടിന് സാധിച്ചിട്ടില്ല.

ദസോള്‍ട്ട് ഏവിയേഷനില്‍ നിന്ന് 36 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറാണ് റാഫേല്‍ കരാര്‍. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടപ്പിലാക്കിയ ഈ കരാര്‍ വലിയ വിവാദങ്ങള്‍ക്കും അഴിമതി ആരോപണങ്ങള്‍ക്കും വഴിവെച്ചിരുന്നു.

2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ചര്‍ച്ചാ വിഷയമായിരുന്നു റാഫേല്‍ യുദ്ധവിമാന കരാര്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Congress rakes up Rafale after French media claims 1.1 mn Euros was paid to ‘middleman’ by Dassault

We use cookies to give you the best possible experience. Learn more